ബെയ്‌റൂത്ത്:മധ്യ ബെയ്‌റൂത്തില്‍ ജനസാന്ദ്രതയേറിയ ബസ്‌ത പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം. പാർപ്പിട കെട്ടിടത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ 29 പേര്‍ കൊല്ലപ്പെട്ടു. ലെബനനിലുടനീളം ഇസ്രയേല്‍ വ്യോമാക്രമണം വ്യാപിപ്പിക്കുകയാണ്.
ബെയ്‌റൂട്ടിലെ ദാഹിയിലുള്ള 12 ഹിസ്ബുള്ള കമാൻഡ് സെന്‍ററുകൾ ഇസ്രയേൽ എയർഫോഴ്‌സ് ആക്രമിച്ചതായി ഐഡിഎഫ് അറിയിച്ചു. ഹിസ്ബുള്ളയുടെ ഇന്‍റലിജൻസ് യൂണിറ്റ്, മിസൈൽ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളും ആക്രമിച്ചു. തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികർക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഈ കമാൻഡ് സെന്‍ററുകൾ ഉപയോഗിച്ചിരുന്നതായും ഐഡിഎഫ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇസ്രയേലിനും ലെബനനിനുമിടയില്‍ വെടിനിർത്തൽ കരാർ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇസ്രയേലിന്‍റെ കനത്ത ആക്രമണം ജനവാസ മേഖലകളിലുണ്ടാകുന്നത്. ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേല്‍ വാദം.
പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ ഇസ്രയേൽ സൈന്യം നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്‌ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. തെക്കൻ ലെബനനിലെ ടൈർ നഗരത്തില്‍ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്‌തതായാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്ക്.
Also Read:ലെബനനിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇസ്രയേൽ വ്യോമാക്രമണം; 55ലധികം മരണം