ഹൈദരാബാദ് :ലോകത്തിന്‍റെ പല ഭാഗത്തും മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും വിവേചനവും വർധിച്ചുവരികയാണ്. ഇത് മുന്‍നിര്‍ത്തിയാണ് രണ്ടുവർഷം മുൻപ് മാർച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ്) അവതരിപ്പിക്കുന്നത്.
57 ഒഐസി രാജ്യങ്ങള്‍ക്കുപുറമെ റഷ്യയും, ചൈനയും പ്രമേയത്തെ അനുകൂലിച്ചു. തുടർന്നാണ് ആഗോള തലത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന ഭീതിപടര്‍ത്തലിനും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ പൊരുതാന്‍ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്. എന്നാല്‍ ഇതിനോട് ഇന്ത്യ യോജിച്ചിരുന്നില്ല (March 15; International Day To Combat Islamophobia 2024).
മറ്റ് മതങ്ങളെ മാറ്റിനിര്‍ത്തി, ഒരു മതത്തിനെതിരായ വിദ്വേഷം മാത്രമുന്നയിച്ച് അന്താരാഷ്ട്രതലത്തില്‍ ദിനാചരണം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും ഇത് യുക്തിപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ യുഎന്നില്‍ വിമര്‍ശനമുയര്‍ത്തിയത്. ഫ്രാന്‍സിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും പ്രതിനിധികളും പ്രമേയത്തിനെതിരെ സമാന വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇസ്ലാമോഫോബിയ വിരുദ്ധദിനത്തിൻ്റെ ചരിത്രം :2018-ൽ ഐക്യരാഷ്ട്രസഭ നിയുക്തമാക്കിയതാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം. 2019-ൽ 51 നിരപരാധികളുടെ ജീവൻ പൊലിഞ്ഞ ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് പള്ളി വെടിവയ്പ്പിൻ്റെ വാർഷികത്തോടനുബന്ധിച്ച് ഇസ്‌ലാമോഫോബിയ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി മാർച്ച് 15 ഉപയോഗപ്പെടുത്തുകയായിരുന്നു.
അനിയന്ത്രിതമായ ഇസ്‌ലാമോഫോബിയയുടെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, സഹിഷ്‌ണുത, ഐക്യദാർഢ്യം എന്നിവയുടെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനുമാണ് ഈ ദിവസം (March 15; International Day To Combat Islamophobia 2024). ഇസ്ലാമിനും, വിശ്വാസികൾക്കുമെതിരെ നടക്കുന്ന ഭീതിപടര്‍ത്തലിനും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ പൊരുതാനാണ് ഇസ്ലാമോഫോബിയ വിരുദ്ധദിനം.
എന്താണ് ഇസ്ലാമോഫോബിയ? :ഇസ്ലാം മതത്തോടും, മതവിശ്വാസികളോടുമുള്ള വിദ്വേഷം കലര്‍ന്ന സമീപനത്തെയാണ് ഇസ്ലാമോഫോബിയായി വിലയിരുത്തുന്നത്. ഇത് പലപ്പോഴും വിദ്വേഷപ്രസംഗം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും വിശ്വാസത്തിന്‍റെ പേരില്‍ ഒരു വിഭാഗം മനുഷ്യര്‍ സാമൂഹികവും രാഷ്ട്രീയവുമായ വിവേചനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു.
ലോകത്താകമാനം 200 കോടിയിലധികം മുസ്ലിങ്ങളുണ്ട്. അവരില്‍ ബഹുഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിശ്വാസത്തിന്‍റെ പേരില്‍ മുസ്ലിങ്ങള്‍ മുന്‍വിധികള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് രാജ്യത്ത് പരക്കെയുള്ള ആരോപണം.