ഫ്രാൻസ്:കഴിഞ്ഞ വർഷം മാത്രം ഇറാൻ നടപ്പിലാക്കിയത് 834 വധശിക്ഷ. 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. ഇസ്ലാമിക് റിപ്പബ്ലിക്കിൽ വധശിക്ഷ വർധിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകളായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സും, ടുഗെദർ എഗെയ്ൻസ്റ്റ് ദ ഡെത്ത് പെനാൽറ്റിയും നേരത്തെ ആരോപിച്ചിരുന്നു. 2022-ൽ ഇറാൻ തൂക്കിലേറ്റിയവരുടെ എണ്ണം 43 ശതമാനമായാണ് വർധിച്ചിരുന്നത്.
ഐഎച്ച്ആറിന്‍റെ കണക്കുകൾ പ്രകാരം, 2021ല്‍ ഇറാനിൽ 333 പേരെയാണ് വധിച്ചത്. ഇതിൽ 83 ശതമാനം കേസുകളുടെ കണക്കും അധികൃതർ പുറത്തുവിട്ടിട്ടില്ല. 2015-ൽ ഇറാന്‍ നടപ്പിലാക്കിയ 972 വധശിക്ഷകൾക്ക് ശേഷം രണ്ട് പതിറ്റാണ്ടിനിടെ 800ലധികം വധശിക്ഷകൾ രേഖപ്പെടുത്തിയത് ഇത് രണ്ടാം തവണയാണെന്ന് നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സും (IHR) പാരീസ് ആസ്ഥാനമായുള്ള ടുഗെദർ എഗെയ്ൻസ്റ്റ് ദ ഡെത്ത് പെനാൽറ്റിയും തയ്യാറാക്കിയ തങ്ങളുടെ സംയുക്ത റിപ്പോർട്ടിൽ പറയുന്നു.
2022 സെപ്റ്റംബറിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് അധികാരികളെ നടുക്കിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിലുടനീളം ഭീതി പടർത്താൻ ഇറാൻ വധശിക്ഷയെ ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് സെപ്റ്റംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു (Iran executed at least 834 people last year).
സെപ്റ്റംബർ 16നാണ് ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനി കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് തലസ്ഥാന നഗരമായ ടെഹ്റാനിൽ നിന്ന് ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരിലായിരുന്നു അമിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൃദയാഘാതം വന്നാണ് അമിനി മരിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ പൊലീസിന്‍റെ മർദ്ദനത്തിൽ ആണ് അമിനി കൊല്ലപ്പെട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പിന്നാലെ, നിരവധി പ്രക്ഷോഭകർ തടവിലാവുകയും അനേകം പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌തു. പ്രക്ഷോഭത്തെ തുടർന്ന് മത പൊലീസ് സംവിധാനം ഇറാൻ പിൻവലിച്ചിരുന്നു.
രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ആരോപിച്ചു. "സാമൂഹിക ഭയം വളർത്തുക എന്നത് ഭരണകൂടത്തിന്‍റെ അധികാരം നിലനിർത്താനുള്ള ഏക മാർഗമാണ്. വധശിക്ഷ അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ്," ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്‌ടർ മഹ്‌മൂദ് അമിരി മൊഗദ്ദാം റിപ്പോർട്ടിൽ പറഞ്ഞു. 834 എന്ന കണക്കിനെ "അമ്പരപ്പിക്കുന്ന ആകെത്തുക" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
രാഷ്ട്രീയപരമായാലും അല്ലെങ്കിലും ഇത്തരം വധശിക്ഷകൾ അംഗീകരിക്കാനാവില്ല എന്നും നിരന്തരമുള്ള ഈ വധശിക്ഷ നടപ്പിലാക്കൽ അവസാനിപ്പിക്കണം എന്നും മഹ്‌മൂദ് അമിരി മൊഗദ്ദാം പറഞ്ഞു. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും ആ ഇടപെടൽ ഇത്തരം വധശിക്ഷാ നടപടികൾ കുറയ്ക്കുന്നതിന് സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Iran Justice Rights).
2022ലെ പ്രതിഷേധത്തിനിടെ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ ഒമ്പത് പേരെയാണ് ഇറാൻ വധിച്ചത്. 2022 ൽ രണ്ട്, 2023 ൽ ആറ്, 2024 ൽ ഇതുവരെ ഒരാളെ എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാൽ മറ്റ് കുറ്റങ്ങൾ ചുമത്തിയുള്ള വധശിക്ഷകളും വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ.