കേരളം

kerala

ETV Bharat / international

അന്താരാഷ്‌ട്ര മാനുഷിക ഐക്യദാര്‍ഢ്യദിനം; ചരിത്രവും പ്രാധാന്യവുമറിയാം - INTERNATIONAL HUMAN SOLIDARITY DAY

ഡിസംബര്‍ 20 ആണ് അന്താരാഷ്‌ട്ര ഐക്യദാര്‍ഢ്യദിനമായി ആചരിച്ച് വരുന്നത്.

United nations  Millennium Declaration  U Nations Development Programme  UN General Assembly
International Human Solidarity Day file (ETV Bharat)

By ETV Bharat Kerala Team

Published : Dec 19, 2024, 11:10 PM IST

വര്‍ഷം തോറും ഡിസംബര്‍ 20 അന്താരാഷ്‌ട്ര ഐക്യദാര്‍ഢ്യദിനമായി ആചരിച്ച് വരുന്നു. ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഐക്യം, സഹകരണം, പങ്കാളിത്ത ഉത്തരവാദിത്തം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് ഈ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നിച്ച് നിന്ന് മെച്ചപ്പെട്ട ഒരു ലോകം സൃഷ്‌ടിക്കാം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ദിനാചരണം. സമാധാനം, സാമൂഹ്യനീതി, സുസ്ഥിര വികസനം തുടങ്ങിയ പൊതു ലക്ഷ്യങ്ങള്‍ നേടാനും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാമെന്ന് ഈ ദിനാചരണം നമ്മെ ഓര്‍മിപ്പിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പശ്ചാത്തലം

സഹസ്രാബ്‌ദ പ്രഖ്യാപനമായാണ് ഐക്യദാര്‍ഢ്യത്തെ വിലയിരുത്തുന്നത്. 21ാം നൂറ്റാണ്ടിലെ രാജ്യാന്തര ബന്ധങ്ങളുടെ അടിസ്ഥാന മൂല്യമായി ഇതിനെ വിലയിരുത്തുന്നു. ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ ഉള്ളവര്‍ അതില്ലാത്തവരെയും ബുദ്ധിമുട്ടുന്നവരെയും സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഗോളവത്ക്കരണത്തിന്‍റെയും അസമത്വത്തിന്‍റെയും വെല്ലുവിളികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യാന്തര ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ ഐക്യരാഷ്‌ട്ര പൊതുസഭ, ദാരിദ്ര്യത്തെ നേരിടാന്‍ കൂടിയാണ് ഡിസംബര്‍ 20 രാജ്യാന്തര മാനുഷിക ഐക്യദാര്‍ഢ്യദിനമായി പ്രഖ്യാപിച്ചത്.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഐക്യദാര്‍ഢ്യം മൗലികവും സാര്‍വത്രികവുമായ മൂല്യമാണെന്ന് ഐക്യരാഷ്‌ട്ര പൊതുസഭ 2005 ഡിസംബര്‍ 22ന് 60/209 എന്ന പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലാക്കൊല്ലവും ഡിസംബര്‍ 20 രാജ്യാന്തര ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നുവെന്നും ഈ പ്രമേയത്തില്‍ സൂചിപ്പിച്ചിരുന്നു.

2001 ഡിസംബര്‍ ഇരുപതിന് മറ്റൊരു പ്രമേയത്തിലൂടെ ലോക ഐക്യദാര്‍ഢ്യ ഫണ്ടും രൂപീകരിച്ചു. 2003 ഫെബ്രുവരിയില്‍ ഇത് ഐക്യരാഷ്‌ട്ര വികസന സമിതി പദ്ധതിയില്‍ പെടുത്തി ഒരു ട്രസ്റ്റ് ഫണ്ടാക്കി. ദാരിദ്ര്യ നിര്‍മാര്‍ജനം, വികസ്വര രാജ്യങ്ങളിലെ മാനുഷിക, സാമൂഹ്യ വികസനം എന്നിവയ്ക്കായാണ് ഈ ഫണ്ട് വിനിയോഗിക്കുക.

മാനുഷിക ഐക്യദാര്‍ഢ്യമെന്നാല്‍ എന്ത്?

ഐക്യദാര്‍ഢ്യമെന്നാല്‍ ഒരു പങ്കാളിത്ത ഉത്തരവാദിത്തമാണ്. ഒപ്പം ആവശ്യക്കാരെ പിന്തുണയ്ക്കുക എന്ന പ്രതിബദ്ധതയും. അത്യന്തികമായി മാനുഷിക ഐക്യദാര്‍ഢ്യം പരസ്‌പര ബഹുമാനത്തിലൂന്നിയുള്ളതാണ്. ഒപ്പം നമ്മുടെ പൊതു മാനുഷികതയുടെ അഗാധമായ അംഗീകാരവും.

ലോക ഐക്യദാര്‍ഢ്യ ഫണ്ട്

ഐക്യദാര്‍ഢ്യം എന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോക ഐക്യദാര്‍ഢ്യ ഫണ്ട് രൂപീകരിച്ചത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് രാജ്യാന്തര സമൂഹത്തെ പ്രേരിപ്പിക്കുകയും സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക.

സാമൂഹ്യ സംഘടനകളിലൂടെയും ചെറിയ സ്വകാര്യ സംരംഭങ്ങളിലൂടെയുമാണ് വികസ്വര രാജ്യങ്ങളില്‍ ഇത് നടപ്പാക്കുന്നത്. 2002 ഡിസംബര്‍ 20നാണ് ഫണ്ടിന് ഔദ്യോഗിക രൂപം നല്‍കിയത്. ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ വച്ചാണ് ഇതിന് രൂപം നല്‍കിയത്. ഫണ്ടിലേക്ക് സ്വമേധായ സംഭാവന നല്‍കാന്‍ പൊതുസഭ രാജ്യാന്തര സംഘടനകളെയും സ്വകാര്യ മേഖലയെയും മറ്റ് സ്ഥാപനങ്ങളെയും ക്ഷണിച്ചു.

മാനുഷിക ഐക്യദാര്‍ഢ്യത്തിന് ആധുനിക കാലത്തെ ചില ഉദാഹരണങ്ങള്‍ (കൊറോണ മഹാമാരിക്കാലത്ത്)

  • ജര്‍മ്മനിയില്‍ എല്‍ജിബിടി വിഭാഗം പാര്‍ശ്വവത്കൃത സമൂഹത്തിന് വേണ്ടി-പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്കും അസുഖബാധിതര്‍ക്കുമായി ഓണ്‍ലൈന്‍ പിന്തുണയുമായി എത്തി. ഇവരെ നടക്കാന്‍ പോകാനും സുരക്ഷിത അകലത്തില്‍ മാസ്‌ക് ധരിച്ച് അവരെ സഹായിച്ചു. ആരെയും പിന്നിലാക്കരുതെന്ന ഉദേശ്യത്തോടെ ഒരു കൂട്ടായ്‌മയ്ക്കും അവര്‍ ആഹ്വാനം നല്‍കി.
  • കെനിയയില്‍ കലാകാരനായ ജുലിയാനി ഒരു ഓണ്‍ലൈന്‍ കച്ചേരി സംഘടിപ്പിച്ച് കോവിഡ് 19 സൃഷ്‌ടിച്ച സാമൂഹ്യ അസമത്വങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു.
  • കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണം വിതരണം ചെയ്യുന്നത് മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണോപകരണങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയിൽ മുന്നില്‍ നിന്നു. സമൂഹത്തില്‍ ഐക്യത്തിന്‍റെ ഒരു ബോധമുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു.
  • ചെക്ക് റിപ്പബ്ലിക്കില്‍ ചെക്ക് വിയറ്റ്‌നാം സമൂഹത്തിന് മാസ്‌കുകള്‍ നിര്‍മിച്ചും സൗജന്യ ഉന്‍മേഷ പരിപാടികള്‍ സംഘടിപ്പിച്ചും ഇവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
  • അമേരിക്കയില്‍ ന്യൂയോര്‍ക്ക് സംഘം വീടില്ലാത്ത കൗമാരക്കാരെ തെരുവില്‍ നിന്ന് രക്ഷിക്കാന്‍ തീരുമാനമെടുത്തു. യുവാക്കളായ ജയില്‍ പുള്ളികളെ കൊറോണക്കാലത്ത് ജയിലിന് പുറത്തിറങ്ങാനും സഹായങ്ങള്‍ ചെയ്‌തു.

യുദ്ധകാലത്തെ ഐക്യദാര്‍ഢ്യം

2022 ഫെബ്രുവരി മുതല്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം തുടങ്ങിയപ്പോള്‍ ലോക ബാങ്ക് രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച് യുക്രെയ്ന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ രംഗത്ത് വന്നു. ദേശീയ പ്രാദേശിക തലങ്ങളില്‍ അവശ്യ പൊതുസേവനങ്ങള്‍ ഉറപ്പാക്കി. മുതിര്‍ന്നവര്‍ക്ക് പെന്‍ഷന്‍, ആവശ്യമുള്ളവര്‍ക്ക് മറ്റ് സാമൂഹ്യസേവനങ്ങള്‍ എന്നിവ ഉറപ്പാക്കി. അധ്യാപകര്‍ക്കും അടിയന്തര സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും വേതനമെത്തിച്ചു.

ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, നോര്‍വെ, ലാറ്റ്‌വിയ, ലിത്വാനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, കൊറിയ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഹായത്തോടെ യുക്രെയ്‌നിലെ സമാധാന ദൗത്യത്തിനും രൂപം നല്‍കി.

സിറിയയിലെ ലക്ഷക്കണക്കിന് പേര്‍ക്ക് സഹായമെത്തിക്കാന്‍ 2024ല്‍ യൂറോപ്യന്‍ കമ്മിഷന്‍ ബജറ്റില്‍ 1630 ലക്ഷം പൗണ്ട് നീക്കി വച്ചു. യൂറോപ്യന്‍ യൂണിയന്‍ കാലാകാലങ്ങളില്‍ ഇത്തരം ഫണ്ടുകള്‍ അനുവദിക്കാറുണ്ട്.

സമകാലിക ലോകത്ത് ലോക ഐക്യദാര്‍ഢ്യം മുമ്പത്തെക്കാള്‍ നിര്‍ണായകമായിരിക്കുകയാണ്. ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. പുത്തന്‍ പരിഹാരങ്ങളും ആവശ്യമാണ്. ഒറ്റയ്ക്കുള്ള പരിശ്രമങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇന്നത്തെ ലോകത്ത് ജനങ്ങള്‍ പങ്കാളിത്ത ഉത്തരവാദിത്തമാണ് പ്രോത്സാഹിപ്പിക്കുന്നത്. നമ്മുടെ പ്രവൃത്തികള്‍ വലിയ ഒരു സമൂഹത്തിലേക്ക് എത്തണമെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പാര്‍ശ്വവത്കൃതരുടെ ശബ്‌ദം എല്ലാവരും കേള്‍ക്കുന്നുണ്ടെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടാകുന്നു. ആരും പുരോഗതിയിലേക്ക് വരാതെ ഇരിക്കുന്നില്ല. ഐക്യദാര്‍ഢ്യത്തിലൂടെ സങ്കീര്‍ണ വിഷയങ്ങള്‍ അഭിമുഖീകരിക്കാനാകുന്നു. സുസ്ഥിരവും എല്ലാവര്‍ക്കും തുല്യതയുള്ളതുമായ മനോഹര നാളെ സൃഷ്‌ടിക്കാന്‍ ഇതിലൂടെ കഴിയുന്നു.

Also Read:മാനുഷിക ഐക്യദാര്‍ഢ്യദിനം... പരസ്‌പരമുള്ള കരുതല്‍, മറ്റുള്ളവരുടെ ആവശ്യങ്ങളും സാഹചര്യങ്ങളും കണ്ടറിയുക - മാനുഷിക ഐക്യദാര്‍ഢ്യദിനം

ABOUT THE AUTHOR

...view details