റോം :ഇന്ത്യന്‍ തൊഴിലാളി കൃഷിയിടത്തില്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ ഭൂവുടമ അറസ്റ്റില്‍. ആന്‍റോണെല്ലോ ലോവാതോ എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുടെ കൃഷിയിടത്തിലെ തൊഴിലാളിയാണ് മരിച്ചത്. കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്ന് പരിക്കേറ്റാണ് മരണം. അതേസമയം ഇന്ത്യക്കാരന്‍ മതിയായ രേഖകളില്ലാതെയായിരുന്നു ഇറ്റലിയില്‍ കഴിഞ്ഞിരുന്നത്.
സത്‌നം സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സേവന സാഹചര്യങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ചൂഷക വ്യവസ്ഥിതി അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇറ്റലിയിലെ കാര്‍ഷിക രംഗത്ത് ധാരാളം കുടിയേറ്റ തൊഴിലാളികള്‍ കുറഞ്ഞ കൂലിയില്‍ പണിയെടുക്കുന്നു.
പ്രസിഡന്‍റ് സെര്‍ജിയോ മത്തരെല്ലയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സിങ്ങിനെ പോലെ നിരവധി പേര്‍ കടുത്ത ചൂഷണത്തിന് രാജ്യത്ത് വിധേയമാകുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യത്വരഹിത ചുറ്റുപാടില്‍ പലര്‍ക്കും ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോമിന് തെക്കുള്ള കാര്‍ഷിക പ്രവിശ്യയായ ലത്തിനയിലാണ് സംഭവം. അമിതമായി രക്തസ്രാവമുണ്ടായാണ് സിങ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായേനെ എന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ കൈ ഒരു യന്ത്രത്തില്‍ കുടുങ്ങിയിട്ട് കൃത്യസമയത്ത് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചില്ല. അപകടമുണ്ടാക്കിയ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് തുടരുകയാണ് ലോവാത്തോ ചെയ്‌തതെന്ന് ഇറ്റാലിയന്‍ ദിനപ്പത്രം കൊറിയര്‍ ഡെല്ല റിപ്പോര്‍ട്ട് ചെയ്‌തു.