ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഭീമനായ ഓപ്പൺ എഐയുടെ മുൻ ജീവനക്കാരനും ഇന്ത്യൻ വംശജനുമായ സുചിർ ബാലാജിയെ (26) മരിച്ച നിലയിൽ കണ്ടെത്തി. സാൻഫ്രാൻസിസ്കോയിലെ ഫ്‌ളാറ്റിലാണ് മുൻ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓപ്പൺ എഐക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തി കമ്പനിയിൽ നിന്ന് ബാലാജി രാജിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബാലാജിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ 26ന് ബാലാജി മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാലാജിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ സാൻഫ്രാൻസിസ്‌കോയിലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓപ്പണ്‍ എഐയുടെ മുൻ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബർ 26 ന് സാൻ ഫ്രാൻസിസ്കോയിലെ ബുക്കാനൻ സ്ട്രീറ്റ് അപ്പാർട്ട്മെന്‍റിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സാൻഫ്രാൻസിസ്കോ പൊലീസും ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ഓഫിസും ഉദ്ധരിച്ച് ദി മെർക്കുറി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ബാലാജി ആത്മഹത്യ ചെയ്‌തതാണെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
പ്രതികരിച്ച് മസ്‌ക്
സ്‌പേസ് എക്‌സ് സിഇഒയും ശതകോടീശ്വരനുമായ എലോൺ മസ്‌ക് ബാലാജിയുടെ മരണത്തെക്കുറിച്ചുള്ള വാർത്തയോട് എക്‌സിൽ പ്രതികരിച്ചു. മരണത്തിന് പിന്നില്‍ നിഗൂഢത ഉണ്ടെന്ന തരത്തില്‍ "ഹ്മ്മ്" എന്ന പോസ്റ്റുമായാണ് മസ്‌ക് രംഗത്തെത്തിയത്.