ന്യൂഡൽഹി: ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാര്‍ സ്വാഗതം ചെയ്‌ത് ഇന്ത്യ. ഇതോടുകൂടി സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലും ഹിസ്‌ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ ഇന്ന് (നവംബർ 27) രാവിലെ മുതൽ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
'ഇസ്രയേലും ലെബനനും പ്രഖ്യാപിച്ച വെടിനിർത്തലിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ഇവർ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും സംയമനം പാലിക്കുന്നതിനും നയതന്ത്രത്തിൻ്റെ പാതയിലേക്ക് മടങ്ങുന്നതിനായി ഞങ്ങൾ എല്ലായ്‌പ്പോഴും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇതോടുകൂടി സമാധാനമുണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,' എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒക്‌ടോബർ ആദ്യവാരത്തിൽ പശ്ചിമേഷ്യയിലെ സംഘർഷം വലിയ ഉത്കണ്‌ഠയ്ക്ക് കാരണമായതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ലോകത്തിൻ്റെ ഏത് കോണിൽ നടക്കുന്ന സംഘർഷങ്ങളായാലും അത് യഥാർഥത്തിൽ എല്ലായിടത്തും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, വെടിനിർത്തലിന് മണിക്കൂറുകൾക്ക് ശേഷം തെക്കൻ ലെബനനിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ അവരുടെ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മാസങ്ങൾ നീണ്ട യുദ്ധഭീതിക്ക് വിരാമമിട്ടുകൊണ്ടാണ് ഹിസ്ബുള്ളയുമായുള്ള വെടിനിർത്തലിന് ഇസ്രയേൽ തയ്യാറായത്. ഇസ്രയേലിൻ്റെ സുരക്ഷാ മന്ത്രിസഭയാണ് 60 ദിവസത്തേക്ക് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. മന്ത്രിസഭ കരാർ അംഗീകരിച്ചതിനു പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു.
വെടിനിർത്തലിൻ്റെ ഭാഗമായി അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാതിയുമായും ബൈഡൻ ചർച്ച നടത്തിയിരുന്നു. ഹിസ്ബുള്ളയും മറ്റ് തീവ്രവാദ സംഘടനകളും ഇസ്രയേലിൻ്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകാന്‍ അനുവദിക്കില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു.
Also Read:ലെബനനിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേൽ; ഹിസ്ബുള്ളയ്ക്ക് താക്കീതുമായി നെതന്യാഹു