കേരളം

kerala

ETV Bharat / international

'ഇന്ത്യ ലോകത്തിന് നല്‍കിയത് യുദ്ധത്തെയല്ല, ബുദ്ധനെയാണ്': പ്രധാനമന്ത്രി - PM Modi On Buddha and Yuddha

പ്രധാനമന്ത്രി നരേന്ദ്രമോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. സമാധാനത്തിനും പുരോഗതിക്കുമായി ഇന്ത്യ ലോകത്തിന് നല്‍കിയ സംഭാവനകളെയും മോദി അനുസ്‌മരിച്ചു.

By ETV Bharat Kerala Team

Published : Jul 11, 2024, 1:08 PM IST

മോദി ഓസ്ട്രിയന്‍ സന്ദര്‍ശനം  പ്രധാനമന്ത്രി നരേന്ദ്രമോദി  PM Modi Austria Visit  Modi Meet Indian diaspora in Vienna
PM Modi (ANI)

വിയന്ന:ഇന്ത്യ ലോകത്തിന് സമ്മാനിച്ചത് ബുദ്ധനെയാണെന്നും യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എല്ലായിപ്പോഴും സമാധാനവും അഭിവൃദ്ധിയുമാണ് ലോകത്തിന് സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 21ാം നൂറ്റാണ്ടില്‍ രാജ്യം തങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണെന്നും വിയന്നയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും തിളക്കമാര്‍ന്ന, ഏറ്റവും ബൃഹത്തായ, ഏറ്റവും ഉയരങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ഓസ്ട്രിയന്‍ സന്ദര്‍ശനം അര്‍ഥവത്തായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 41 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്‌ട്രിയ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായുള്ള കാത്തിരിപ്പ് ഈ ചരിത്രമുഹൂര്‍ത്തത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇന്ത്യയും ഓസ്‌ട്രിയയും സൗഹൃദത്തിന്‍റെ വജ്രജൂബിലിയുടെ ആഘോഷവേളയിലാണ്.

ഭൂമിശാസ്‌ത്രപരമായി ഇന്ത്യയും ഓസ്‌ട്രിയയും രണ്ട് ധ്രുവങ്ങളിലാണ്. എങ്കിലും നാം തമ്മില്‍ പല സാമ്യങ്ങളുമുണ്ട്. ജനാധിപത്യമാണ് ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത, നിയമവാഴ്‌ചയോടുള്ള ആദരവ് എന്നീ ആശയങ്ങളും നാം പങ്കിടുന്നു. നമ്മുടെ സമൂഹം ബഹുഭാഷ-സാംസ്‌കാരിക ഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇരുരാജ്യങ്ങളിലും നാനാത്വമുണ്ട്. ഈ മൂല്യങ്ങളെല്ലാം പ്രതിഫലിപ്പിക്കാനുള്ള ഏറ്റവും വലിയ മാധ്യമമാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഇന്ത്യയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 65 കോടി ജനങ്ങളാണ് വോട്ടവകാശം വിനിയോഗിച്ചത്. ഇത്രയും പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തെങ്കിലും തെരഞ്ഞെടുപ്പ് ഫലം വേഗത്തില്‍ പ്രഖ്യാപിക്കാനായി. ഇതാണ് ഞങ്ങളുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും കരുത്ത്.

ജനങ്ങള്‍ക്ക് തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്‌തത്. തനിക്ക് ചരിത്രപരമായ ഒരു മൂന്നാമൂഴവും അവര്‍ സമ്മാനിച്ചു. രാജ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ച നേട്ടങ്ങളും തന്‍റെ പ്രസംഗത്തില്‍ മോദി എടുത്ത് കാട്ടി.

അടുത്ത് തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി മാറും. ഞങ്ങള്‍ വെറുതെ മുകളിലെത്താന്‍ ശ്രമിക്കുകയല്ല. 2047 എന്നതാണ് തങ്ങളുടെ ദൗത്യം. 2047-ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ ശതാബ്‌ദി ആഘോഷിക്കുക വികസിത രാജ്യമായിട്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഓസ്ട്രിയന്‍ വിദഗ്‌ധര്‍ ഇന്ത്യയുമായി അവരുടെ ഹരിത വികസനം എങ്ങനെ പങ്കിടമെന്നതിനെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു. ലോകമെമ്പാടും അംഗീകാരം നേടിയ അവരുടെ വളര്‍ച്ച തത്വങ്ങളും സ്റ്റാര്‍ട്ട് അപ് തന്ത്രങ്ങളും പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ ലോകത്തിന്‍റെ മുഴുവന്‍ ബന്ധുവാണ്. ആഗോള പുരോഗതിക്കും നന്മയ്ക്കുമായാണ് ഇന്ത്യ നിലകൊള്ളുന്നത്. ഇവിടുത്തെ ഇന്ത്യന്‍ സമൂഹം മാതൃരാജ്യത്തോട് സാംസ്‌കാരികവും വൈകാരികവുമായ ബന്ധങ്ങള്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അതോടൊപ്പം ഇപ്പോഴത്തെ അവരുടെ നാടിന്‍റെ അഭിവൃദ്ധിക്കും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സര്‍ക്കാരുകള്‍ ഉണ്ടാക്കിയെടുത്തതല്ല, മറിച്ച് പൊതു ജനപങ്കാളിത്തം കൊണ്ടുണ്ടായതാണ്. ബന്ധം മെച്ചപ്പെടുത്താന്‍ ഇത് അത്യാന്താപേക്ഷിതമാണ്. ഈ ബന്ധത്തില്‍ അതുകൊണ്ട് തന്നെ നിങ്ങളോരോരുത്തരും പരമപ്രധാനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ തത്വശാസ്‌ത്രത്തിലും ഭാഷയിലും ചിന്തയിലുമെല്ലാം ഓസ്‌ട്രിയയയ്ക്ക് നൂറ്റാണ്ടുകളായി ആഴത്തിലുള്ള ബൗദ്ധിക താത്പര്യമുണ്ട്. 200 വര്‍ഷം മുമ്പ് ഓസ്‌ട്രിയന്‍ സര്‍വകലാശാലയില്‍ സംസ്‌കൃതം പഠിപ്പിച്ചിരുന്നുവെന്നും മോദി പറഞ്ഞു. 1880ല്‍ ഇന്തോളജിയില്‍ ഒരു സ്വതന്ത്ര ചെയറും സര്‍വകലാശാലയിലുണ്ടായതോടെ ഇത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.

ഇന്ന് താന്‍ പ്രഗത്ഭരായ ചില ഇന്‍ഡോളജിസ്റ്റുകളുമായി കൂടിക്കാഴ്‌ച നടത്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ഇന്ത്യയോട് അഗാധമായ താത്പര്യമുണ്ടെന്ന് ഈ കൂടിക്കാഴ്‌ചയില്‍ തനിക്ക് മനസിലാക്കാനായെന്നും മോദി പറഞ്ഞു.

ഓസ്ട്രിയന്‍ തൊഴില്‍-സാമ്പത്തിക മന്ത്രി മാര്‍ട്ടിന്‍ കൊച്ചറും പരിപാടിയില്‍ പങ്കെടുത്തു. രാജ്യമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹവും പരിപാടിക്കെത്തി. 31,000 ഇന്ത്യാക്കാരാണ് ഓസ്ട്രിയയില്‍ ജീവിക്കുന്നത്. ആരോഗ്യപരിരക്ഷയടക്കമുള്ള മേഖലകളില്‍ ഇന്ത്യാക്കാരുടെ സാന്നിധ്യമുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ ഉന്നത സ്ഥാനങ്ങളിലും ഇന്ത്യാക്കാരുണ്ട്. 500 ഇന്ത്യന്‍ വിദ്യാര്‍തഥികളും ഉന്നത പഠനത്തിനായി ഓസ്ട്രിയയിലുണ്ട്.

Also Read:നൊബേല്‍ ജേതാവിനെയും ഓസ്‌ട്രിയന്‍ ചരിത്രകാരന്‍മാരെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി -

ABOUT THE AUTHOR

...view details