സന :ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമത്തെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതികൾ. ബ്രിട്ടീഷിന്‍റെ ഒരു എണ്ണക്കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും യുഎസ് ഡ്രോൺ ഹൂതികൾ വെടിവച്ചിട്ടതായുമാണ് റിപ്പോർട്ട്. ഹൂതികളുടെ സൈനിക വക്താവ് യഹ്യ സാരി ബ്രിട്ടീഷ് എണ്ണക്കപ്പലായ ആൻഡ്രോമിഡ സ്റ്റാറിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
നാവിക മിസൈലുകൾ ഉപയോഗിച്ച് ചെങ്കടലിൽ ആൻഡ്രോമിഡ സ്റ്റാർ ആക്രമിച്ചതായി യഹ്‌യ സാരി തൻ്റെ ഏറ്റവും പുതിയ ടെലിവിഷൻ പ്രസംഗത്തിലാണ് അവകാശപ്പെട്ടത്. യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്‌കോം) പറയുന്നതനുസരിച്ച് കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും തടസമില്ലാതെ യാത്ര തുടരുകയാണ്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാനായി പ്രദേശത്ത് വിന്യസിച്ചിട്ടുള്ള നാവികസേന സഖ്യത്തിന് പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അതേസമയം യുഎസ് മിലിട്ടറി പ്രവർത്തിപ്പിക്കുന്ന MQ-9 റീപ്പർ ഡ്രോൺ തകർത്തതായും സാരി പ്രസംഗത്തിൽ പറയുന്നു. യെമനിലെ സാദ ഗവർണറേറ്റിൻ്റെ വ്യോമാതിർത്തിയിൽ ശത്രുതാപരമായ ദൗത്യങ്ങൾ നടത്തിയരുന്ന ഡ്രോൺ ആണ് വെടിവച്ചിട്ടത്. എന്നാൽ സംഭവത്തെക്കുറിച്ച് യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും യെമനിനുള്ളിൽ MQ-9 തകർന്നതായി സിബിഎസ് ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് തുടരന്വേഷണത്തിന് കാരണമായതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഹൂതികൾ വെടിവച്ചിട്ട മൂന്നാമത്തെ യുഎസ് ഡ്രോണാണിത്. നേരത്തെ നവംബർ, ഫെബ്രുവരി മാസങ്ങളിലാണ് ഡ്രോണുകൾ ആക്രമിക്കപ്പെട്ടത്.
അതേസമയം ആൻ്റിഗ്വ/ബാർബഡോസ് പതാക പറക്കുന്ന കപ്പലായ MV MAISH-ന് നേരെ കപ്പൽ വിരുദ്ധ മിസൈലുകൾ തൊടുത്തുവിട്ടതായി യുഎസ് സൈന്യം റിപ്പോർട്ട് ചെയ്‌തെങ്കിലും അടുത്തുള്ള ജലാശയങ്ങളിലെ കപ്പലുകൾക്ക് നേരെയുള്ള കൂടുതൽ ആക്രമണങ്ങളെക്കുറിച്ച് ഹൂതികൾ പ്രതികരിച്ചില്ല. എന്നാൽ യെമനിലെ അൽ-മുഖയ്‌ക്ക് (മോച്ച) സമീപം എംവി ആൻഡ്രോമിഡ സ്റ്റാർ കപ്പലിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ ഉണ്ടായതായി യുണൈറ്റഡ് കിംഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) സ്ഥിരീകരിച്ചിട്ടുണ്ട്.