ജറുസലേം: തെക്കൻ ലെബനനില്‍ ആക്രമണം ശക്തിപ്പെടുത്തി ഇസ്രായേല്‍. 250 മീറ്റർ നീളമുളള ഹമാസിന്‍റെ തുരങ്കം ഇസ്രായേൽ തകര്‍ത്തതായി പ്രതിരോധ സേന അവകാശപ്പെട്ടു. കോംബാറ്റ് ബാഗുകളും, കസേരകളും അടുക്കളയും അടങ്ങുന്ന വലിയ തുരങ്കത്തിന്‍റെ വീഡിയോ ഇസ്രായേല്‍ എക്‌സിലൂടെ പങ്കുവച്ചു. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നതിന് വേണ്ടി ഹിസ്ബുള്ളയുടെ റദ്‌വാൻ സേന നിര്‍മിച്ചതാണ് ഈ ഭൂഗർഭകേന്ദ്രങ്ങള്‍. ഈ തുരങ്കങ്ങള്‍ ഉപയോഗിച്ചാണ് ഹിസ്‌ബുളള ഇസ്രയേലിലേക്ക് ഇതുവരെ ആക്രമണം നടത്തിയിരുന്നത്.
ഇന്നലെ നടന്ന ആക്രമണത്തില്‍ ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ഹുസൈൻ അലി അൽ-മഹമ്മൂദിനെ വധിച്ചതായും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. യഹൂദയിലും സമരിയയിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹമാസ് നേതാവാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹുസൈൻ അലി അൽ-മഹമ്മൂദ് എന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടി.
ഹമാസിന് റോക്കറ്റുകളും മറ്റ് ആയുധങ്ങളും എത്തിച്ചുനല്‍കുന്നതിലും പ്രധാന പങ്കുവഹിച്ച ആളാണ് മുഹമ്മദ് ഹുസൈൻ അലി. ലെബനനില്‍ ഹമാസിൻ്റെ വേരുറപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വന്തമായി ആയുധങ്ങൾ നിർമിക്കാനുള്ള ഹമാസിന്‍റെ ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ നല്‍കിയിരുന്നു.