ലാഹോർ :പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിന് (പിടിഐ) വലിയ ആശ്വാസമായി പാർട്ടിയുടെ മുതിർന്ന നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ചൗധരി പർവേസ് ഇലാഹി ചൊവ്വാഴ്‌ച ജയിൽ മോചിതനായി. മുഖ്യമന്ത്രിയായിരിക്കെ പഞ്ചാബ് അസംബ്ലിയിൽ നടത്തിയ അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ലാഹോർ ഹൈക്കോടതി ചൊവ്വാഴ്‌ച (എൽഎച്ച്‌സി) പർവേസ് ഇലാഹിയ്‌ക്ക് ജാമ്യം അനുവദിച്ചത്.
എൽഎച്ച്‌സി ജസ്റ്റിസ് സുൽത്താൻ തൻവീർ അഹമ്മദാണ് പർവേസ് ഇലാഹിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ഇലാഹിയുടെടെ കുറ്റത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും 500,000 രൂപയ്‌ക്ക് തുല്യമായ തുകയിൽ രണ്ട് ആൾ ജാമ്യത്തോടുകൂടിയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു.
ജയിൽമോചിതനായ ശേഷം, 78 കാരനായ ഇലാഹി തൻ്റെ വസതിയായ സഹൂർ ഇലാഹി പാലസിൽ എത്തിയതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു. പിടിഐയുടെ സെൻട്രൽ മീഡിയ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ജയിൽ മോചിതനായതിൽ ഇലാഹി നന്ദി രേഖപ്പെടുത്തി. സർവശക്തനായ അല്ലാഹുവിന് നന്ദി പറയുന്നു എന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അചഞ്ചലമായി തുടരാനുള്ള ശക്തി അള്ളാഹു നൽകിയെന്നും ഇലാഹി പ്രസ്‌താവനയിൽ പറയുന്നു. തൻ്റെ മോചനത്തിലേക്ക് നയിച്ച, സത്യത്തിനും നീതിക്കും ഒപ്പം നിന്ന ജഡ്‌ജിമാർക്കും പിടിഐ നേതാവ് നന്ദി പറഞ്ഞു.