സാൻഫ്രാൻസിസ്കോ: ഗൂഗിളിൻ്റെ ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ച ഗൂഗിളിലെ ആദ്യത്തെ ജീവനക്കാരിലൊരാളും യൂട്യൂബ് മുൻ മേധാവിയുമായ സൂസൻ വോജിക്കി (56) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അർബുദം മൂലം വളരെ നാളായി ചികിത്സയിലായിരുന്നു. സിലിക്കൺ വാലിയിലെ പ്രമുഖ വ്യക്‌തികളിൽ ഒരാളായ വോജിക്കി, ഗാരേജിൽ ആരംഭിച്ച സെർച്ച് എഞ്ചിൻ സ്റ്റാർട്ടപ്പായ ഗൂഗിളിനെ ആഗോള തലത്തിലേക്ക് എത്തിക്കുവാൻ രണ്ട് പതിറ്റാണ്ടോളം പ്രയത്നിച്ചവരിൽ ഒരാളാണ്.
2006-ൽ ഗൂഗിൾ, യൂട്യൂബിനെ ഏറ്റെടുത്തതിനുശേഷം കുടുംബം, ആരോഗ്യം, വ്യക്തിഗത പ്രോജക്‌ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ വർഷം സ്ഥാനമൊഴിയുന്നതിന് മുമ്പ്, ഏകദേശം ഒരു ദശാബ്‌ദത്തോളം വോജിക്കി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
വോജിക്കിയുടെ മരണവാർത്ത ഭർത്താവ് ഡെന്നിസ് ട്രോപ്പർ ആണ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ശ്വാസകോശ അർബുദത്താൽ ചികിത്സയിലായിരുന്നെന്നും ഇന്ന് (ഓഗസ്റ്റ് 10) ഞങ്ങളെ വിട്ട് പോയെന്നും ഡെന്നിസ് അറിയിച്ചു.
വോജിക്കിയുടെ സുഹൃത്തുക്കളായ സെർജി ബ്രിനും ലാറി പേജും 1998-ൽ കാലിഫോർണിയയിലെ മെൻലോ പാർക്കിൻ്റെ ഗാരേജിൽ ഷോപ്പ് ആരംഭിച്ചപ്പോൾ വോജിക്കി അന്ന് ഇൻ്റലിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വർഷത്തിനിപ്പുറം കമ്പനിയുടെ ആദ്യത്തെ മാർക്കറ്റിംഗ് മാനേജരായി കമ്പനിയിൽ ചേർന്നു. ഗൂഗിളിൽ ഇമേജ് സെർച്ചുകൾ സൃഷ്‌ടിക്കുന്നതിലും യൂട്യൂബിൻ്റെയും പരസ്യ പ്ലാറ്റ്‌ഫോമായ ഡബിൾക്ലിക്കിൻ്റെ ഏറ്റെടുക്കലിലും പങ്കുവഹിച്ചു.