കേരളം

kerala

ETV Bharat / international

പ്രായപൂർത്തിയാകാത്ത മകളെ 72കാരനുമായി വിവാഹം കഴിപ്പിക്കാൻ പിതാവ്; വധുവിന് രക്ഷകരായി പൊലീസ് - child marriage in Pakistan

സംഭവത്തിൽ പിതാവും വരനുമടക്കം മൂന്നുപേർക്കെതിരെ കേസ്. ശൈശവ വിവാഹത്തിനെതിരായ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും പാകിസ്ഥാനിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്.

പാകിസ്ഥാൻ ശൈശവ വിവാഹം  PAK MINOR FORCED TO MARRY OLD MAN  72 YEAR OLD GROOM ARRESTED PAKISTAN  COPS RESCUE BRIDE IN PAKISTAN
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 11:18 AM IST

ലാഹോര്‍: പ്രായപൂർത്തിയാകാത്ത മകളെ 72വയസുകാരന് വിവാഹം ചെയ്‌തുകൊടുക്കാനുള്ള പിതാവിന്‍റെ ശ്രമം തടഞ്ഞ് പൊലീസ്. 'വരനെ' പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പാകിസ്‌താനിലെ ചർസദ്ദ ടൗണിലാണ് സംഭവം.

ആലം ​​സയ്യിദ് എന്നയാളാണ് 12 വയസുള്ള മകളെ വയോധികന് വിൽക്കാൻ ശ്രമിച്ചത്. 5 ലക്ഷം രൂപയ്‌ക്കാണ് മകളെ ഹബീബ് ഖാൻ എന്ന വയോധികന് വിൽക്കാൻ ശ്രമിച്ചതെന്ന് ആലം ​​സയ്യിദ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 'നിക്കാഹി'ന് തൊട്ടുമുൻപാണ് പൊലീസ് ഇടപെട്ട് ഹബീബ് ഖാൻ, 'നിക്കാഹ് ഖ്വാൻ' (വിവാഹം നടത്തുന്ന വ്യക്തി) എന്നിവരെ അറസ്റ്റ് ചെയ്‌തത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

എന്നാൽ, പെൺകുട്ടിയുടെ പിതാവ്, ഹബീബ് ഖാൻ, 'നിക്കാഹ് ഖ്വാൻ' എന്നിവർക്കെതിരെ ശൈശവ വിവാഹ നിയമപ്രകാരം കേസെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ശൈശവ വിവാഹത്തിനെതിരായ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും പാകിസ്ഥാനിൽ ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, രാജൻപൂരിലും തട്ടയിലും സമാനമായ ശ്രമങ്ങൾ നിയമ നിർവഹണ ഏജൻസികൾ തടഞ്ഞിരുന്നു. പഞ്ചാബിലെ രാജൻപൂരിൽ 11 വയസുള്ള പെൺകുട്ടിയെ 40 വയസുള്ള ഒരാളുമായി വിവാഹം കഴിപ്പിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്.

തട്ടയിൽ 50 വയസുള്ള ഒരു ഭൂവുടമയുമായാണ് പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. പക്ഷേ പൊലീസിൻ്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പെൺകുട്ടി രക്ഷപ്പെട്ടു. മെയ് ആറിന് സ്വാത്തിൽ 13 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 70 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

പിതാവാണ് 13കാരിയായ മകളെ വയോധികനുമായി വിവാഹം കഴിപ്പിച്ചത്. വിവരമറിഞ്ഞ് പൊലീസ് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടാതെ നിക്കാഹ് ഖ്വാനെയും സാക്ഷികളെയും അറസ്റ്റ് ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details