കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം (Earthquake). റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിൻ്റെ ആഴം 10 കി.മീ ആണ്. ബുധനാഴ്‌ച പുലർച്ചെ 4.17 നാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത് (Earthquake Of 4.2 Magnitude Hits Afghanistan Second Within 24 Hours).
അതേസമയം അഫ്‌ഗാനിസ്ഥാനിലെ ഫൈസാബാദിൽ തിങ്കളാഴ്‌ച ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്‌ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഫൈസാബാദിൽ ഉണ്ടായത്. ഞായറാഴ്‌ച വൈകുന്നേരവും പ്രദേശത്ത് ഭൂചലനം അനുഭവപ്പട്ടിരുന്നു.
റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്‌ഗാനിസ്ഥാനിൽ രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (NCS) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 4,000-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്‌തിരുന്നു. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രതയായിരുന്നു അന്നുണ്ടായ ഭൂകമ്പത്തിന് രേഖപ്പെടുത്തിയത്.