കേരളം

kerala

'ബുള്ളറ്റ് ശരീരത്തെ കീറി കടന്ന് പോയി': വെടിവയ്‌പിന്‍റെ ഭീകരത ഓര്‍ത്തെടുത്ത് ഡൊണാള്‍ഡ് ട്രംപ് - Trump Recalls Horror Shooting

By ETV Bharat Kerala Team

Published : Jul 14, 2024, 11:47 AM IST

Updated : Jul 14, 2024, 2:24 PM IST

വെടിയുണ്ട ട്രംപിന് നേരെ ചീറിയടുത്തപ്പോള്‍ തന്നെ സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ അദ്ദേഹത്തിന് ചുറ്റും സുരക്ഷാവലയം തീര്‍ത്തു. മുന്‍ പ്രസിഡന്‍റിന്‍റെ മുഖത്തിന്‍റെ വലത് വശത്ത് നിന്ന് രക്തം ഒഴുകുന്നത് ദൃശ്യമാണ്.

Donald trump  shooting  election rally  secret service
വെടിയേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ ആശുപത്രിയിലേക്ക് നീക്കുന്നു (AFP)

വാഷിങ്ടണ്‍:ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന കണ്‍വന്‍ഷന് തൊട്ടുമുമ്പ് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹത്തിന് നേരെ നടന്ന വെടിവയ്‌പ് വധശ്രമം തന്നെയാകാന്‍ സാധ്യത. വെടിവയ്‌പ് ഉണ്ടായ ഉടന്‍ തന്നെ വേദിയിലും പരിസരത്തുമുണ്ടായായിരുന്ന സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ അദ്ദേഹത്തിന് ചുറ്റും സുരക്ഷാ വലയം തീര്‍ത്തു. അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ക്കും മുന്‍ പ്രസിഡന്‍റുമാര്‍ക്കും ജീവിത കാലം മുഴുവന്‍ സുരക്ഷ ഒരുക്കുന്ന സൈനിക വിഭാഗമാണ് സീക്രട്ട് സര്‍വീസ്.

ആദ്യ രണ്ട് പ്രാവശ്യവും വെടിയുതിര്‍ത്തപ്പോള്‍ അത് മുന്‍ പ്രസിഡന്‍റിന്‍റെ മുഖത്ത് തന്നെ കൊണ്ടു. ഉടന്‍ തന്നെ അദ്ദേഹം നിലത്തേക്ക് കുനിഞ്ഞു. അതിനാല്‍ അനിഷ്‌ട സംഭവം ഒഴിവാക്കാനായി. പിന്നീട് സുരക്ഷാ സേന അതിവേഗമെത്തി അദ്ദേഹത്തിന് ചുറ്റും സുരക്ഷാവലയം തീര്‍ക്കുമ്പോള്‍ ട്രംപിന്‍റെ മുഖത്തിന്‍റെ വലത് വശത്ത് നിന്ന് ചോരയൊഴുകുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹം അന്തരീക്ഷത്തിലേക്ക് മുഷ്‌ഠി ചുരുട്ടി നാം തന്നെ ജയിക്കുമെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

തന്‍റെ വലത് ചെവിയ്ക്ക് മുകളില്‍ വെടിയേറ്റുവെന്ന് ട്രംപ് പിന്നീട് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തന്‍റെ ശരീരത്തെ കീറി വെടിയുണ്ട കടന്ന് പോയി. എന്തോ കുഴപ്പമുണ്ടെന്ന് അപ്പോള്‍ തന്നെ തനിക്ക് തോന്നി. ഒരു വിസില്‍ ശബ്‌ദവും കേട്ടു. ധാരാളം രക്തം നഷ്‌ടപ്പെട്ടെന്നും ട്രംപ് കുറിച്ചു. ഇതോടെയാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ പതിമൂന്നിന് പ്രാദേശിക സമയം വൈകിട്ട് ആറേകാലോടെയാണ് ആക്രമണം ഉണ്ടായത്. റാലി നടക്കുന്ന വേദിയുടെ സമീപമുള്ള ഉയരം കുറഞ്ഞ കെട്ടിടത്തില്‍ നിന്നാണ് നിറയൊഴിച്ചത്. നിരവധി തവണ അക്രമി വേദിക്ക് നേരെ നിറയൊഴിച്ചു. സീക്രട്ട് സര്‍വീസ് അടിയന്തരമായി തന്നെ ഇടപെടുകയും ട്രംപിനെ സുരക്ഷാവലയത്തിലാക്കി വേദിയില്‍ നിന്ന് നീക്കുകയും ചെയ്‌തു. കാണികളുടെ ഇടയിലുണ്ടായിരുന്ന രണ്ടു പേര്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ പ്രത്യാക്രമണത്തില്‍ ഇയാളെ വകവരുത്തി.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ ബോധിപ്പിച്ചു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ശക്തമായി അപലപിച്ചു. അമേരിക്കയില്‍ ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ബൈഡന്‍ പ്രതികരിച്ചു. റാലി തികച്ചും സമാധാനപരമായാണ് സംഘടിപ്പിച്ചത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. താന്‍ ഡൊണാള്‍ഡുമായി സംസാരിക്കുമെന്നും ജോബൈഡന്‍ വ്യക്തമാക്കി. ആക്രമണത്തിന് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബൈഡന്‍റെ പ്രതികരണം. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. എല്ലാവരും ഇതിനെ അപലപിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ബൈഡന്‍ ട്രംപിനെക്കുറിച്ച് ഇത്തരത്തില്‍ പരസ്യമായി പരാമര്‍ശിക്കുന്നത്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന് പെന്‍സില്‍വാനിയ പൊലീസ് വ്യക്തമാക്കി. എന്ത് സഹായം വേണമെങ്കിലും ഫെഡറല്‍ ഏജന്‍സിക്ക് ചെയ്‌ത് നല്‍കുമെന്നും പെന്‍സില്‍വാനിയ പൊലീസ് കമ്മീഷണര്‍ കേണല്‍ ക്രിസ് പാരിസ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടിയാല്‍ അത് പങ്ക് വയ്ക്കണമെന്ന് സ്പെഷ്യല്‍ ഏജന്‍റ് റോജേക്ക് പറഞ്ഞു.

സംഭവത്തില്‍ തന്‍റെ പിതാവിന് വേണ്ട സുരക്ഷയൊരുക്കിയ സീക്രട്ട് സര്‍വീസിന് മകള്‍ ഇവാന്‍ക ട്രംപ് നന്ദി അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും എല്ലാ സുരക്ഷ ഏജന്‍സികളോടും ഇവാന്‍ക നന്ദി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടക്കമുള്ള ലോകനേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

Also Read:ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; റാലിയ്‌ക്കിടെ വെടിവയ്‌പ്പ്, അക്രമിയെ വധിച്ചതായി റിപ്പോര്‍ട്ട് -

Last Updated : Jul 14, 2024, 2:24 PM IST

ABOUT THE AUTHOR

...view details