വാഷിങ്ടണ്‍:ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിവയ്‌ക്കണമെന്ന് സുപ്രീം കോടതിയോട് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കമ്പനിയുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ഒരു തീരുമാനമുണ്ടാകുന്നതു വരെ നടപടി സ്വീകരിക്കരുതെന്ന് ട്രംപ് കോടതിയോട് ആവശ്യപ്പെട്ടു. രാഷ്‌ട്രീയ നീക്കങ്ങളിലൂടെ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ട്രംപ്.
അമേരിക്കയില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്. ഇതിനായി 'പ്രൊട്ടക്റ്റിങ് അമേരിക്കൻസ് ഫ്രം ഫോറിൻ അഡ്‌വേഴ്‌സറി കൺട്രോൾഡ് ആപ്ലിക്കേഷൻസ് ആക്‌ട്' എന്ന ബില്ലും പ്രതിനിധി സഭ പാസാക്കി.
ബെയ്‌ജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ്‌ഡാൻസ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോക്കിന്‍റെ മാതൃസ്ഥാപനം. ബൈറ്റ്ഡാൻസ് അവരുടെ ഓഹരികൾ വിൽക്കുകയോ അല്ലെങ്കില്‍ നിരോധനം നേരിടേണ്ടി വരികയോ ചെയ്യുമെന്നാണ് അമേരിക്ക പാസാക്കിയ ബില്ലില്‍ പറയുന്നത്. ഇതിനായി സര്‍ക്കാരിന് അംഗീകരിക്കാൻ കഴിയുന്ന സ്ഥാപനത്തെ കണ്ടെത്താൻ ആറ് മാസത്തെ സമയമായിരുന്നു അമേരിക്ക ചൈനീസ് കമ്പനിക്ക് നല്‍കിയത്.
ഈ കാലാവധി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്ന 2025 ജനുവരി 20ന് ഒരു ദിവസം മുന്‍പാണ് അവസാനിക്കുക. ഈ നിശ്ചിത സമയത്തിനുള്ളില്‍ നിബന്ധനകള്‍ പാലിക്കാൻ ബൈറ്റ്ഡാൻസിന് കഴിഞ്ഞില്ലെങ്കില്‍ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം സാധ്യമാകില്ല. ഈ സാഹചര്യത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടല്‍.