ഉഗാണ്ടയിൽ പിടിമുറുക്കി അനിയന്ത്രിതമായ ശരീര ചലനങ്ങൾക്ക് കാരണമാകുന്ന 'ഡിങ്ക ഡിങ്ക' വൈറസ്. സ്ത്രീകളിലാണ് നൃത്തം ചെയ്യിപ്പിക്കുന്ന തരത്തിൽ ശരീരം തുടർച്ചയായി ചലിക്കുന്നതിലേക്ക് നയിക്കുന്ന ഈ വൈറസ് ബാധ പടർന്നു പിടിച്ചിരിക്കുന്നത്. ബുണ്ടിബുഗ്യോ ജില്ലയിലെ 300 ഓളം സ്ത്രീകളിലും കുട്ടികളിലും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകള്‍. ഇത് വരെ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കടുത്ത പനിയും അനിയന്ത്രിതമായ ശരീര വിറയലും കാരണമാണ് നൃത്ത ചലനങ്ങൾ എന്നർത്ഥം വരുന്ന ഡിങ്ക ഡിങ്ക എന്ന പേര് അസുഖത്തിന് ലഭിച്ചത്. നിലവിൽ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് രോഗം ചികിത്സിക്കുന്നത്. ഹെർബൽ മെഡിസിൻ ഈ രോഗത്തെ ചികിത്സിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ജില്ലാ ആരോഗ്യ ഓഫിസർ ഡോ. കിയിറ്റ ക്രിസ്റ്റഫർ പറഞ്ഞു.
രോഗികൾ സാധാരണയായി ഒരാഴ്‌ചക്കുള്ളിൽ രോഗമുക്തി നേടാറുണ്ട്. ജില്ലക്കകത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ നേടാനാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധർ നിർദേശിക്കുന്നത്. ബുണ്ടിബുഗ്യോയ്ക്ക് പുറത്ത് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗം ബാധിച്ച വ്യക്തികളിൽ നിന്നുള്ള സാമ്പിളുകൾ ഉഗാണ്ടയുടെ ആരോഗ്യ മന്ത്രാലയത്തിലേക്ക് അയച്ചെങ്കിലും ഇതുവരെ ഔദ്യോഗിക രോഗ നിർണയം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.