മയോട്ടെ:ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഫ്രഞ്ച് ദ്വീപ സമൂഹമായ മയോട്ടെയിൽ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റിൽ നൂറുകണക്കിനുപേർ മരിച്ചതായി ആശങ്ക. പ്രദേശത്തുകൂടി മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും വീടുകൾ, സർക്കാർ കെട്ടിടങ്ങൾ, ആശുപത്രി എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തതായി ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റിയോ ഫ്രാൻസ് അറിയിച്ചു.
മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് മയോട്ടയിലെ ഫ്രഞ്ച് സർക്കാരിന്‍റെ പ്രതിനിധിയായ സേവ്യർ ബ്യൂവിൽ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ ഘട്ടത്തിൽ മരിച്ചവരുടെ കണക്കെടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിവരം. നേരത്തെ പതിനൊന്ന് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
മയോട്ടെ 24 മണിക്കൂറിനുള്ളിൽ മരിച്ചവരെ അടക്കം ചെയ്യുന്ന ഇസ്‌ലാമിക നാടാണെന്നും അതിനാൽ മരണസംഘ്യ കണക്കാക്കാൻ ദിവസങ്ങളെടുത്തേക്കുമെന്നും തങ്ങൾ ആശങ്കപ്പെടുന്നതായി ഒരു ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക