ധാക്ക :സത്ഖിരയിലെ ശ്യാം നഗറിലുള്ള ജെഷോരേശ്വരി ക്ഷേത്രത്തിലെ കാളീദേവിയുടെ കിരീടം മോഷണം പോയി. 2021 മാര്‍ച്ചില്‍ ക്ഷേത്രം സന്ദര്‍ശിച്ച വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിച്ച കിരീടമാണ് നഷ്‌ടമായതെന്ന് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്‌തു.
വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കുമിടയിലാണ് കിരീടം മോഷ്‌ടിക്കപ്പെട്ടത്. ക്ഷേത്രപൂജാരി ദിലീപ് മുഖര്‍ജി പൂജകള്‍ക്ക് ശേഷം മടങ്ങിയതിന് പിന്നാലെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് വിഗ്രഹത്തില്‍ കിരീടമില്ലെന്ന് കണ്ടെത്തിയത്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ തയ്‌സുല്‍ ഇസ്‌ലാം പറഞ്ഞു. വെള്ളിയിലും സ്വര്‍ണത്തിലും നിര്‍മിച്ചതാണ് കിരീടം. ഇതിന് മതപരമായും സാംസ്‌കാരികമായു ഏറെ പ്രാധാന്യവുമുണ്ട്.
വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 51 ശക്തി പീഠങ്ങളില്‍ ഒന്നായാണ് ഹിന്ദു മതാചാര പ്രകാരം ജെഷോരേശ്വരി ക്ഷേത്രത്തെ കണക്കാക്കുന്നത്. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ 2021 മാര്‍ച്ച് 27നാണ് മോദി ക്ഷേത്ര ദര്‍ശനം നടത്തിയത്.
അന്ന് ദേവിയുടെ തലയില്‍ ഈ കിരീടം അദ്ദേഹം പ്രതീകാത്മകമായി സ്ഥാപിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം പ്രധാനമന്ത്രി ആദ്യമായി സന്ദര്‍ശിച്ച രാഷ്‌ട്രമാണ് ബംഗ്ലാദേശ്.
കാളി ദേവിയുടെ ഏറെ പ്രശസ്‌തമായ ക്ഷേത്രമാണ് ജെഷോരേശ്വരി ക്ഷേത്രം. സത്ഖിര ഉപശിലയിലെ ശ്യാം നഗറിലുള്ള ഈശ്വരിപൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ അനാരി എന്നൊരു ബ്രഹ്മണനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നൂറ് വാതിലുകളുള്ള ക്ഷേത്രമാണ് അദ്ദേഹം നിര്‍മിച്ചത്. പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്‌മണ്‍ സെന്നും പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യയും ക്ഷേത്രം പുനര്‍നിര്‍മിച്ചു. സതീദേവിയുടെ പാദങ്ങളും കൈപ്പത്തിയും പതിച്ച സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് ഹിന്ദു മത വിശ്വാസം. ഇവിടെ ദേവി ജെഷോരേശ്വരിയുടെ രൂപത്തിലും ഭഗവാന്‍ ശിവന്‍ ചണ്ഡാളന്‍റെ രൂപത്തിലും വാഴുന്നുവെന്നാണ് സങ്കല്‍പ്പം.
Also Read:നിവേദ്യം പാചകം ചെയ്യുന്നതിനിടെ തീപടര്‍ന്നു; പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്