പാരീസ്: പാക്കിസ്ഥാനും ഭീകര സംഘടനയായ ജെയ്‌ഷെ ഇ മൊഹമ്മദും (ജെഇഎം) തമ്മിലുള്ള ഭയാനകമായ ബന്ധം വിവരിച്ച് ഫ്രഞ്ച് മാഗസിൻ Le Spectacle du Monde. ഫ്രഞ്ച് മാസികയുടെ 2024 വിന്‍റര്‍ പതിപ്പിൽ പ്രസിദ്ധീകരിച്ച 'ജെയ്‌ഷ്-ഇ-മൊഹമ്മദ്, ട്രബിൾഡ് ഗെയിംസ് ഇൻ പാകിസ്ഥാൻ' എന്ന തലക്കെട്ടിലുള്ള ലേഖനം, മാസികയുടെ എഡിറ്റർ ഇൻ ചീഫ് അന്‍റോയിൻ കൊളോണയാണ് എഴുതിയത്.
തീവ്രവാദത്തെ ചെറുക്കാനുള്ള അന്താരാഷ്‌ട്ര ശ്രമങ്ങള്‍ക്കിടയിലും തീവ്രവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍റെ പ്രവര്‍ത്തികള്‍ ലേഖനത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജയ്‌ഷെ ഇ മൊഹമ്മദിന്‍റെ (ജെഇഎം) പുനരുജ്ജീവനത്തെപ്പറ്റി റിപ്പോർട്ടില്‍ പറയുന്നു. പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ പ്രദേശത്ത് മർകസ് സുബ്ഹാൻ അല്ലാഹ് പോലുള്ള കൂറ്റൻ സമുച്ചയങ്ങൾ സംഘത്തിന്‍റെ ഭാഗമായുണ്ടെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഡോർമിറ്ററികൾ, മത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഈ സൗകര്യങ്ങൾ, തീവ്രവാദികളുടെ പ്രബോധനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു എന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഉപഗ്രഹ ചിത്രങ്ങളും ദൃക്‌സാക്ഷി വിവരണങ്ങളുമെല്ലാം ഈ ഓപ്പറേഷനുകൾക്ക് വ്യക്തമായ കാഴ്ച നടക്കുന്നുണ്ടെന്ന് മാഗസിൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതില്‍ ഒരു സമുച്ചയം പാകിസ്ഥാൻ സൈനിക താവളത്തിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെയാണ്.
'പ്ലാനറ്റ് ലാബ്‌സ് വെബ്‌സൈറ്റിൽ ലഭ്യമായ സാറ്റലൈറ്റ് ഫോട്ടോകൾ അനുസരിച്ച്, ജെയ്‌ഷ്-ഇ-മൊഹമ്മദിന് ബഹവൽപൂർ പ്രദേശത്ത് രണ്ട് കേന്ദ്രങ്ങളുണ്ട്. മർകസ് സുബ്ഹാൻ അല്ലാ, ഉസ്‌മാൻ-ഒ-അലി മസ്‌ജിദ് - റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യത്തേത് 60,000 ചതുരശ്ര മീറ്റർ സ്ഥലത്തുള്ളതാണെന്നും ലേഖനം കൂട്ടിച്ചേര്‍ത്തു. ഖുറാൻ പഠന കേന്ദ്രം, സ്‌പോർട്‌സ് ഹാൾ, ഡോർമിറ്ററികൾ, അമ്പതോളം മുറികൾ എന്നിവ ഇതിലുണ്ട്.
'മസൂദ് അസ്ഹറിന്‍റെ അനന്തരവൻ മുഹമ്മദ് അതാവുള്ളയാണ് കാഷിഫ് മർകസിന്‍റെ അഡ്‌മിനിസ്‌ട്രേറ്റീവ് തലവന്‍. 600 മുതൽ 700 വരെ അംഗങ്ങൾക്ക് ഇവിടെ തീവ്രവാദത്തിലൂന്നിയ മത വിദ്യാഭ്യാസവും ശാരീരിക പരിശീലനവും നൽകുന്നു. 40 മുതൽ 50 വരെ അധ്യാപകരാണ് ഇവിടെയുള്ളത്'- ഫ്രഞ്ച് മാസികയില്‍ പറയുന്നു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ജെയ്എമ്മിന്‍റെ അഗാധ ബന്ധവും റിപ്പോർട്ട് അടിവരയിടുന്നു. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ഐഎസ്ഐയുടെ ഒരു ശാഖയായ ജെഐഎന്‍ (ജോയിന്‍റ് ഇന്‍റലിജൻസ് നോർത്ത്) ഇന്ത്യയ്‌ക്കെതിെര തീവ്ര ഇസ്ലാമിക ഘടകങ്ങളെ പരിശീലിപ്പിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു.
ശീതയുദ്ധകാലത്ത്, ഇറാന്‍റെ ഇന്‍റലിജൻസ് ആയ സാവക്കിന്‍റെ അതേ ഘടനയാണ് ഐഎസ്ഐയും സ്വീകരിച്ചത്. അമേരിക്കയുടെ സിഐഎയിൽ നിന്നും ഫ്രാൻസിന്‍റെ ഡിജിഎസ്ഇയുടെ മുൻഗാമിയായ എസ്‌ഡിഇസിഇയിൽ നിന്നും സംഘത്തിന് സഹായം ലഭിച്ചതായി റിപ്പോർട്ട് പറയുന്നു.
മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് ഉൾപ്പെടെയുള്ള മുൻ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തങ്ങളുടെ ഭരണകാലത്ത് ജെയ്‌ഷെ മൊഹമ്മദിനെ പിന്തുണച്ചതായി സമ്മതിച്ചിട്ടുണ്ട്. സുസ്ഥിരത ഉറപ്പാക്കാൻ ശക്തമായ തീവ്രവാദ വിരുദ്ധ നടപടികളുടെ അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
Also Read: ഷാബ് ഷെയ്ഖ് കേരളത്തിലെത്തിയത് തേപ്പ് പണിക്കാരനായി; അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സോഷ്യൽ മീഡിയ