കേരളം

kerala

ETV Bharat / international

ചിലി കാട്ടുതീ; മരണം 99 ആയി, തീരദേശ നഗരങ്ങളില്‍ അടിയന്തരാവസ്ഥ - wildfires

ചിലിയുടെ തീരദേശ നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ റെഡ് അലർട്ട്. കാട്ടുതീയിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് മാർപാപ്പ

Death toll in Chile wildfires  Chile wildfires  ചിലി കാട്ടുതീ  wildfires  കാട്ടുതീ
Chile wildfires

By ETV Bharat Kerala Team

Published : Feb 5, 2024, 7:29 AM IST

സാൻ്റിയാഗോ :ചിലിയിലെ വിന ഡെൽമാറിൽ ഉണ്ടായ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 99 ആയി ഉയർന്നതായി സർക്കാരിൻ്റെ ലീഗൽ മെഡിക്കൽ സർവീസിനെ (എസ്എംഎൽ) ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു (Chile wildfires). പുക പടർന്നതിനെ തുടർന്ന് ചിലിയുടെ തീരദേശ നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരസൂചകമായി തിങ്കൾ, ചൊവ്വ ദിവസങ്ങൾ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് ഞായറാഴ്‌ച അറിയിച്ചിരുന്നു.

ദുരന്തബാധിത ജില്ലകളിലെ സന്ദർശനത്തിന് പിന്നാലെ ആയിരുന്നു പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക്കിന്‍റെ പ്രഖ്യാപനം. മരണസംഖ്യ ഗണ്യമായി വർധിക്കുമെന്നും അദ്ദേഹം ഞായറാഴ്‌ച പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ റെഡ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീ അണയ്‌ക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിന ഡെൽ മാർ, ക്വിൽപ്യൂ, വില്ല അലമാന, ലിമാഷെ പട്ടണങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുന്നതെന്ന് വാൽപാറൈസോ മേഖലയുടെ ഗവർണർ റോഡ്രിഗോ മുണ്ടാക്ക അറിയിച്ചിരുന്നു.

ഒരുപക്ഷേ ഈ പ്രദേശത്ത് ഉണ്ടായ എക്കാലത്തെയും വലിയ തീപിടിത്തമാണ് സംഭവിച്ചതെന്നും ഏകദേശം 1,400 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ക്വിൽപ്യൂ മേയർ വലേരിയ മെലിപില്ലൻ പറഞ്ഞു. ഒഴിപ്പിക്കൽ ശ്രമങ്ങൾ ഫലപ്രദമായിരുന്നുവെങ്കിലും, ആഘാതബാധിത പ്രദേശങ്ങളിലെ നിരവധി താമസക്കാർ അവരുടെ വീടുകൾ വിട്ടുപോകാൻ തയ്യാറായിരുന്നില്ലെന്നും മെലിപില്ലൻ പറഞ്ഞു.

ഇതിനിടെ സെൻട്രൽ ചിലിയെ ബാധിച്ച വിനാശകരമായ കാട്ടുതീയിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്‌തു. ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെയാണ് തീ കൂടുതല്‍ വ്യാപിച്ചതെന്നാണ് അധികൃതരുടെ നിഗമനം. രക്ഷാപ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. രാജ്യത്ത് 92 സ്ഥലങ്ങളില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തതായാണ് കഴിഞ്ഞ ദിവസം ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ അറിയിച്ചത്.

പ്രതിരോധ മന്ത്രാലയം കൂടുതൽ സൈനിക ഉദ്യോഗസ്ഥരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയക്കുമെന്നും ആവശ്യമായ എല്ലാ സാധനങ്ങളും നൽകുമെന്നും ചിലി പ്രസിഡൻ്റ് ബോറിക് നേരത്തെ പ്രസ്‌താവന ഇറക്കിയിരുന്നു. തീപിടുത്തത്തെ തുടർന്ന് മധ്യ ചിലിയുടെ പല പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് പലായനം ചെയ്‌തത്.

2023 ഫെബ്രുവരിയിലും രാജ്യത്ത് തീപിടിത്തം റിപ്പോർട്ട് ചെയ്‌തിരുന്നു. 400,000 ഹെക്‌ടറിലധികം വ്യാപിച്ച തീപിടിത്തത്തിൽ 22-ലധികം ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇപ്പോളുണ്ടായ തീപിടിത്തം നിലവിൽ അത്ര വ്യാപകമായിട്ടില്ല. എങ്കിലും, കാട്ടുതീ നഗരപ്രദേശങ്ങളിലേക്ക് അടക്കം വ്യാപിക്കാനും കൂടുതൽ ആളുകളെ ബാധിക്കാനുമുള്ള സാധ്യത വളരെ ഉയർന്നതാണ് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിലി അടക്കമുള്ള വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കടുത്ത ഉഷ്‌ണ തരംഗത്തെയാണ് നേരിടുന്നത്. 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് നിലവില്‍ ഈ മേഖലയിലെ ശരാശരി താപനില.

ALSO READ:ചിലിയില്‍ കാട്ടുതീ, 46 മരണം ; 200ലധികം പേരെ കാണാനില്ല

ABOUT THE AUTHOR

...view details