കാനഡ: ഖലിസ്ഥാൻ വിഘടനവാദിയും സിഖ് നേതാവുമായ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൻ്റെ വീഡിയോ ദൃശ്യങ്ങൾ (CCTV footage of Hardeep Sing Nijjar murder) പുറത്തുവന്നതായി കാനഡയിലെ സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ആയുധധാരികൾ നിജ്ജാറിനെ വെടിവെച്ചുകൊല്ലുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആക്രമണത്തിൽ ആറ് പുരുഷന്മാരും രണ്ട് വാഹനങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. 'കരാർ കൊലപാതകം' എന്നാണ് നിജ്ജാറിന്‍റെ കൊലപാതകത്തെ കാനഡ വിശേഷിപ്പിച്ചത്.
നിജ്ജാർ തൻ്റെ ചാരനിറത്തിലുള്ള ട്രക്കിൽ ഗുരുദ്വാരയുടെ കാർ പാർക്കിൽ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പുറത്ത് കടക്കുമ്പോഴേക്കും വെള്ള നിറത്തിലുള്ള കാർ വന്ന് ട്രക്കിനെ തടയുകയായിരുന്നു. തുടർന്ന് മറ്റൊരു കാറിൽ വന്ന രണ്ടു പേർ നിജ്ജാറിനെ വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തത്.
സംഭവ സമയത്ത് സമീപത്തെ ഗ്രൗണ്ടിൽ നിന്ന് രണ്ടു പേർ ഫുട്‌ബോൾ കളിക്കുന്നുണ്ടായിരുന്നു. വെടിയൊച്ച കേട്ടയുടനെ (Hardeep Sing Nijjar Murder) ഇവർ ഓടിയെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും നിജ്ജാർ പൂർണമായും അബോധാവസ്ഥയിലായിരുന്നെന്നും ശ്വസനം നിലച്ചിരുന്നെന്നും ദൃക്‌സാക്ഷി പറഞ്ഞു. കൊലപാതകികളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു.
നിജ്ജാറിന്‍റെ കൊലപാതകം: 2020ൽ ദേശീയ അന്വേഷണ ഏജൻസി (National Investigation Agency) തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാർ (Hardeep Singh Nijjar shot dead) 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വെടിയേറ്റ് മരിച്ചത്. ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡൻ്റിനെ ലക്ഷ്യം വെച്ചുള്ള കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Justin Trudeau) ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം പാടെ നിഷേധിച്ചു. നിജ്ജാറിന്‍റെ കൊലപാതകം കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടാനിടയാക്കിയിരുന്നു.
കൊലപാതകം നടന്നിട്ട് ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും കനേഡിയൻ പൊലീസിന് പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നാൽ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.