ഒട്ടോവ:വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കാനഡയിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ കീഴിലുള്ള സര്‍ക്കാര്‍. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ജസ്‌റ്റിൻ ട്രൂഡോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു. തന്‍റെ രാജ്യത്തെ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിന്‍റെ ഭാഗമായാണ് വിദേശത്ത് നിന്ന് വരുന്നവരെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
തൊഴില്‍ മേഖലയില്‍ കനേഡിയൻ പൗരന്മാര്‍ക്ക് മുൻഗണന നല്‍കണമെന്നും കമ്പനികളോട് നിര്‍ദേശിച്ചു. കനേഡിയൻ പൗരന്മാര്‍ക്ക് തൊഴില്‍ മേഖലയില്‍ മുൻഗണന നല്‍കിയില്ലെങ്കില്‍ അത് എന്തുകൊണ്ടാണ് എന്നത് തെളിയിക്കാൻ ഓരോ കമ്പനികൾക്കും കർശനമായ നിര്‍ദേശം നല്‍കി. കനേഡിയൻ പൗരന്മാരെ ജോലിക്കെടുക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പങ്കുവെച്ച പോസ്‌റ്റില്‍ വ്യക്തമാക്കി. കാനഡയിലേക്ക് പഠന ആവശ്യങ്ങള്‍ക്കായി എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണവും നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിര താമസക്കാര്‍ക്കും താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവര്‍ക്കും തിരിച്ചടി:
2025 ല്‍ ജോലി ചെയ്യാൻ അനുവദിച്ച കാനഡയിലെ വിദേശികളായ സ്ഥിര താമസക്കാരെയും താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവരെയും പുതിയ നിയമം ബാധിക്കും. കാനഡ നിലവിൽ 2025-ൽ 5 ലക്ഷത്തോളം സ്ഥിരതാമസക്കാർക്ക് പ്രവേശനം അനുവദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും, ഇത് 20 ശതമാനം കുറയ്‌ക്കാനാണ് ട്രൂഡോ സര്‍ക്കാരിന്‍റെ നീക്കം. 2025 ല്‍ കാനഡയിൽ 395,000 പേര്‍ക്കാണ് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024 ൽ 485,000ത്തോളം പേര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് കനേഡിയൻ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, 2026 ൽ 380,000 പേര്‍ക്കും 2027 ൽ 365,000 പേര്‍ക്കും മാത്രമാകും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, താത്കാലിക താമസക്കാരുടെ എണ്ണം 2025 ൽ ഏകദേശം 300,000-ത്തില്‍ നിന്ന് കുറഞ്ഞ് 30,000 ആകുമെന്നും വൃത്തങ്ങൾ അറിയിച്ചു.
വിദേശികളുടെ കുത്തൊഴുക്ക് കാനഡയിലെ ജനസംഖ്യയെ റെക്കോഡ് തലത്തിലേക്ക് തള്ളിവിട്ടെന്നും കനേഡിയൻ പൗരന്മാരുടെ ചില അവകാശങ്ങള്‍ നിഷേധിക്കുന്നതിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കാനഡയില്‍ 1.6 ദശലക്ഷത്തോളം പേര്‍ തൊഴില്‍രഹിതരാണെന്നാണ് കണക്കുകള്‍. ഇതിനുപിന്നാലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കനേഡിയൻ പൗരന്മാരുടെ വിശ്വാസം തിരിച്ചുപിടിക്കാനാണ് ട്രൂഡോ സര്‍ക്കാര്‍ വിസ നിയന്ത്രണം കൊണ്ടുവരുന്നത്. 2025 ഒക്‌ടോബറിന് ശേഷമാണ് കാനഡയില്‍ ഫെഡറൽ തെരഞ്ഞെടുപ്പ് നടക്കുക.