ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയ്‌ൻ റെക്കോഡ് നേട്ടത്തോടെ 100,000 ഡോളറിലെത്തി. നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്താനിരിക്കെയാണ് ബിറ്റ്‌കോയ്‌ന്‍റെ മൂല്യം കുത്തനെ ഉയര്‍ന്നത്. ചരിത്രത്തിലാദ്യമായാണ് ബിറ്റ്‌കോയ്‌ൻ 100,000 ഡോളറിലെത്തുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് പിന്നാലെ ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം കുതിച്ചുയരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ക്രിപ്‌റ്റോ കറൻസി 6.59 ശതമാനം നേട്ടമുണ്ടാക്കി. ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം ഈ വർഷം ഇരട്ടിയായി, ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നാലാഴ്‌ചയ്‌ക്കുള്ളിൽ 45% വർധനവ് രേഖപ്പെടുത്തി. ട്രംപ് വിജയിച്ചതിന് പിന്നാലെ ക്രിപ്‌റ്റോ കറൻസി-പിന്തുണയുള്ള നിയമസഭാംഗങ്ങൾ കോൺഗ്രസിൽ പ്രവേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം കുതിച്ചുയര്‍ന്നത്.