ധാക്ക: ബംഗ്ലാദേശ് യുദ്ധ വീരരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുപ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ വിവാദ നടപടി പിന്‍വലിച്ച് ബംഗ്ലാദേശ് പരമോന്നത കോടതി. ഇതോടെ ദേശവ്യാപകമായി ദിവസങ്ങളായി നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ഭാഗികമായി വിജയിച്ചു. പൊലീസും പ്രക്ഷോഭകരും തമ്മില്‍ നടന്ന അക്രമാസ്‌ക്തമായ ഏറ്റുമുട്ടലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
സര്‍ക്കാര്‍ ജോലികള്‍ കുറഞ്ഞതോടെ, 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ബന്ധുക്കള്‍ക്ക് നീക്കി വച്ചിട്ടുള്ള മുപ്പത് ശതമാനം സംവരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി കനത്ത രാജ്യവ്യാപക പ്രക്ഷോഭം നടത്തി വരികയായിരുന്നു. 2018 ല്‍ ഈ സംവരണം സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ബംഗ്ലാദേശ് ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചു. ഇതോടെ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഇവര്‍ക്കുള്ള സംവരണം അഞ്ച് ശതമാനമാക്കി കുറച്ചുകൊണ്ടാണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. രാജ്യത്തെ 93 ശതമാനം തൊഴിലും കഴിവിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ശേഷിക്കുന്ന രണ്ട് ശതമാനം വംശീയ ന്യൂനപക്ഷങ്ങള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആയി നീക്കി വച്ചു.
ഷെയ്ഖ് ഹസീന നാലാംവട്ടവും രാജ്യത്തെ പ്രധാനമന്ത്രിയായതോടെ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള പ്രക്ഷോഭം സര്‍ക്കാരിന് കനത്ത തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ജനുവരിയില്‍ നടന്ന തെരഞ്ഞെ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍വകലാശാലകള്‍ അടച്ചിടുകയും ഇന്‍റര്‍നെറ്റ് റദ്ദാക്കുകയും ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും െചയ്‌തിരുന്നു.
ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതോടെ പ്രക്ഷോഭം രക്തരൂക്ഷിതമായി. പൊലീസ് പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കാന്‍ തുടങ്ങിയോടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറ് തുടങ്ങി. പ്രക്ഷോഭത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്നുള്ള ഔദ്യോഗിക കണക്കുകള്‍ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇതുവരെ കുറഞ്ഞത് 103 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസുകാരടക്കം 133 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ധാക്കയുടെ ചിലയിടങ്ങളിലും പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. ഇതില്‍ ആരെങ്കിലും മരിച്ചോ എന്ന് വ്യക്തമല്ല. സുപ്രീം കോടതി വിധി വരും മുമ്പ് സൈന്യം സ്ഥലത്ത് കര്‍ശന നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതേസമയം ഇന്നും നാളെയും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
സംവരണം വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇത് ഹസീനയുടെ അനുകൂലികള്‍ക്ക് മാത്രമാകും നേട്ടമുണ്ടാക്കുകയെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ഇത് മാറ്റി നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ പാകിസ്ഥാനെതിരെ നടന്ന യുദ്ധത്തില്‍ വീര പോരാളികള്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാകില്ലെന്നും അത് കൊണ്ട് തന്നെ അവരെ ആദരിക്കേണ്ടതുണ്ടെന്നുമാണ് ഹസീനയുടെ വാദം. ഇതില്‍ രാഷ്‌ട്രീയഭേദം നോക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു. ബംഗ്ലാദേശിലെ മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാര്‍ട്ടി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ പ്രക്ഷുബ്ധമായ ബംഗ്ലാദേശിലേക്ക് അമേരിക്ക സ്വന്തം പൗരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അമേരിക്ക തങ്ങളുടെ നയതന്ത്ര പ്രതിനിധികളെയും അവരുടെ കുടുംബത്തെയും തിരികെ വിളിക്കുകയും ചെയ്‌തു. രാജ്യത്തെ നിരത്തുകളില്‍ വന്‍തോതില്‍ അര്‍ദ്ധസൈനികര്‍ പട്രോളിങ് നടത്തുന്നുണ്ട്.
Also Read:ധാക്ക സംഘര്‍ഷം: ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം