ധാക്ക:സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന സമരം രൂക്ഷമായി തുടരുന്നു. ഗതാഗതം സ്‌തംഭിപ്പിക്കാൻ ശ്രമിച്ച വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ പ്രക്ഷേഭത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.
പ്രക്ഷോഭം ധാക്കയ്ക്ക് പുറമേ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സർക്കാർ നടത്തുന്ന ബംഗ്ലാദേശ് ടെലിവിഷന്‍റെ ഹെഡ് ഓഫിസ് പ്രതിഷേധക്കാർ ആക്രമിച്ചു. പ്രധാന ഗേറ്റ് തകർത്ത് വാഹനങ്ങൾക്കും ഓഫിസിന്‍റെ സ്വീകരണ സ്ഥലത്തിനും തീയിട്ടു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. അതേസമയം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. നിരവധി പൊലീസ് വാഹനങ്ങൾ നശിപ്പിക്കുകയും ട്രാഫിക് പൊലീസ് ബോക്‌സിന് തീയിടുകയും ചെയ്‌തു. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
രാജ്യത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിശ്ചലമായതായി ലണ്ടൻ ആസ്ഥാനമായുള്ള ഇന്‍റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്കിന്‍റെ ഡയറക്‌ടർ ആൽപ് ടോക്കർ എക്‌സിൽ പറഞ്ഞു. ചൊവ്വാഴ്‌ച (ജൂലൈ 16) നടന്ന പ്രക്ഷോഭത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, മരണ സംഖ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.