ധാക്ക: പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധം ശക്തം. അവാമി ലീഗും പ്രതിഷേധക്കാരുമായി ഉണ്ടായ സംഘർഷത്തിൽ 26 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരും അവാമി ലീഗും തമ്മിലുള്ള സംഘർഷം തുടരുകയാണ്.
ബംഗ്ലാദേശിലെ തൊഴില്‍ സംവരണം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ കഴിഞ്ഞ ജൂലൈയിൽ 200ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടപെട്ട് സംവരണത്തിൽ മാറ്റം വരുത്തിയിരുന്നു.
പിന്നീട് ക്രമസമാധാനം പുനഃസ്ഥാപിച്ചുവെങ്കിലും, പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭം. ഷെയ്‌ഖ് ഹസീന രാജി വെയ്‌ക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
സുരക്ഷ കണക്കിലെടുത്ത് വൈകുന്നേരം 6:00 മുതൽ രാജ്യ വ്യാപകമായി കർഫ്യൂ ഏർപ്പെടുത്താൻ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. ഇൻ്റർനെറ്റ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Also Read: ബംഗ്ലാദേശികള്‍ക്ക് ആശ്രയമേകുമെന്ന പരാമര്‍ശം; മമത ബാനര്‍ജിക്ക് നയതന്ത്ര കുറിപ്പ് കൈമാറി ഹസൻ മഹ്മൂദ്