വാഷിങ്ടൺ ഡിസി : മുൻ അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ റാലിയില്‍ വെടിവയ്‌പ്പ്. അക്രമിയെ രഹസ്യാന്വേഷണ വിഭാഗം വധിച്ചതായി റിപ്പോര്‍ട്ട്. വെടിവയ്‌പ്പിന്‍റെ പശ്ചാത്തലത്തില്‍ ട്രംപിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം വക്താവ് ആൻ്റണി ഗുഗ്ലിയൽമി വ്യക്തമാക്കി.
ട്രംപ് സുരക്ഷിതനാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമാകുന്നതിന് അനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഗുഗ്ലിയൽമി അറിയിച്ചു.
'ജൂലൈ 13 ന് വൈകുന്നേരം പെൻസിൽവാനിയയിൽ നടന്ന ട്രംപിന്‍റെ റാലിയിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. രഹസ്യാന്വേഷണ വിഭാഗം സംരക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡൻ്റ് സുരക്ഷിതനാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ പുറത്തുവിടും' -എന്നാണ് ഗുഗ്ലിയൽമി എക്‌സിലെ ഒരു പോസ്റ്റിലൂടെ അറിയിച്ചത്.
2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ശനിയാഴ്‌ച (പ്രാദേശിക സമയം) പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ സംഘടിപ്പിച്ച റാലിയില്‍ സംവദിക്കുകയായിരുന്നു ട്രംപ്. ഇതിനിടെ ഗാലറിയില്‍ നിന്ന് വെടി ഉതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ട്രംപിനെ രഹസ്യാന്വേഷണ വിഭാഗം വേദിയില്‍ നിന്ന് മാറ്റി. പുറത്തുവരുന്ന ദൃശ്യങ്ങളില്‍ ട്രംപിന്‍റെ ചെവിയില്‍ നിന്ന് രക്തം വരുന്നതായി കാണാം. എന്നാല്‍ ട്രംപിന് പരിക്കുണ്ടോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, സംഭവം നടന്നതിന് തൊട്ടുപിന്നാലെ, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്രംപിന് അനുകൂലമായി എക്‌സില്‍ പോസ്റ്റ് ചെയ്‌തു. 'ഞാൻ പ്രസിഡൻ്റ് ട്രംപിനെ പൂർണമായി അംഗീകരിക്കുന്നു, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -എന്നാണ് മസ്‌ക് എഴുതിയത്. സംഭവത്തിൻ്റെ ഒരു വീഡിയോയും അദ്ദേഹം എക്‌സില്‍ പങ്കിട്ടു.
Also Read:ബൈഡന് പ്രായം തിരിച്ചടി; അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുൻതൂക്കം ട്രംപിനെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സര്‍വേ