ടെൽ അവീവ് : ഇസ്രയേലില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊളളുന്നു. ഹമാസ് ബന്ദികളുടെ മോചനം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടെൽ അവീവിലെ തെരുവുകളില്‍ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്‌ച ടെൽ അവീവ് സാക്ഷ്യംവഹിച്ചത് ഒക്‌ടോബർ 7 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനായിരുന്നു. 120,000 ആളുകളാണ് പങ്കെടുത്തത്. സമാനമായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി അരങ്ങേറി.
ജറുസലേമിൽ, ആയിരങ്ങൾ പ്രസിഡൻ്റിൻ്റെ വസതിയിലേക്ക് മാർച്ച് നടത്തി. തുടക്കത്തിൽ സർക്കാർ വിരുദ്ധ റാലി ആണ് ആസൂത്രണം ചെയ്തെങ്കിലും ബൈഡൻ്റെ ഇടപെടലിന് പിന്നാലെ ബന്ദികളുടെ മോചനമെന്ന ആവശ്യവും ഉയര്‍ത്തുകയായിരുന്നു. ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും സംഘർഷം അവസാനിപ്പിക്കാനുള്ള ബൈഡൻ്റെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും നഗരവീഥികളിൽ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. ഹമാസ് ബന്ദികളാക്കിയവരുടെ പ്രതീകമായ മഞ്ഞ പതാകകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപിടിച്ചിരുന്നു.