കാബൂൾ (അഫ്‌ഗാനിസ്ഥാൻ) :കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഫ്‌ഗാനിസ്ഥാനിൽ തുടരുന്ന വെള്ളപ്പൊക്കത്തില്‍ 33 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ട്. മഞ്ഞിനെയും മഴയേയും തുടർന്നാണ് രാജ്യത്ത് വെള്ളപ്പൊക്കം രൂക്ഷമായത്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഫറാ, ഹെറാത്ത്, സാബുൾ, കാണ്ഡഹാർ എന്നീ പ്രവിശ്യകളിൽ നിന്നുള്ളവരാണ് എന്നാണ് ലഭിക്കുന്ന വിവരം.
"പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുപ്പത്തിമൂന്ന് പേർ മരിക്കുകയും ഇരുപത്തിയേഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതുപോലെ, 606 വീടുകൾ ഭാഗികമായോ പൂർണമായോ നശിച്ചു," എന്ന് താലിബാൻ നിയന്ത്രണത്തിലുള്ള സംസ്ഥാന ദുരന്തനിവാരണ മന്ത്രാലയത്തിന്‍റെ വക്താവ് ജനൻ സെയ്ഖ് പറഞ്ഞു.
വെള്ളപ്പൊക്കം 800 ഹെക്‌ടർ കൃഷിഭൂമിക്കും 85 കിലോമീറ്ററിലധികം (53 മൈൽ) റോഡുകൾക്കും കേടുപാടുകൾ വരുത്തിയതായും ജനൻ സായിഖ് സൂചിപ്പിച്ചു. ഫറാ, ഹെറാത്ത്, സാബുൽ, കാണ്ഡഹാർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്‌ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വെള്ളപ്പൊക്കം, ഭൂകമ്പം, ഹിമപാതങ്ങൾ, മണ്ണിടിച്ചിൽ, വരൾച്ച എന്നിവയുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന ഏറ്റവും ദുർബലമായ രാജ്യങ്ങളിലൊന്നാണ് അഫ്‌ഗാനിസ്ഥാൻ. വെള്ളപ്പൊക്കം, മഞ്ഞ്, മഴ എന്നിവ സംബന്ധിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ALSO READ : യുറാല്‍ നദി കരകവിഞ്ഞ് തന്നെ, റഷ്യയിലും കസാകിസ്ഥാനിലും പ്രളയം; 80 വര്‍ഷത്തിനിടെ ഇതാദ്യം, മേഖലയില്‍ അടിയന്തരാവസ്ഥ