കേരളം

kerala

ETV Bharat / international

കൃഷ്‌ണദാസ് അനുകൂലികളും ബംഗ്ലാദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അഭിഭാഷകന്‍റെ കൊലപാതകം: 30 പേര്‍ കസ്റ്റഡിയില്‍

കൃഷ്‌ണദാസിന് ജാമ്യം നിഷേധിക്കുകയും ജയിലില്‍ അയക്കുകയും ചെയ്‌തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ചത്തോഗ്രാമിലെ ആറാം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

Bangladesh Police  Chinmoy Krishna Das Brahmachari  ISKCon  Muhammad Yunus
Police personnel baton-charge protesting supporters of Chinmoy Krishna Das Brahmachari, a jailed Hindu monk leader, member of the Bangladesh Sammilito Sanatan Jagaran Jote group and former member of ISKCON, during a demonstration after court denied his bail in Chittagong on November 26, 2024 (AFP)

By ETV Bharat Kerala Team

Published : Nov 27, 2024, 9:23 PM IST

ധാക്ക:സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുപ്പത് പേരെ ബംഗ്ലാദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ ഹിന്ദു നേതാവിെന അറസ്റ്റ് ചെയ്‌തതിന് പിന്നാലെ നടന്ന പ്രക്ഷോഭത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമമുണ്ടായെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്‌ച നടന്ന ഏറ്റുമുട്ടലിലാണ് അസിസ്റ്റന്‍റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ സെയ്‌ഫുല്‍ ഇസ്ലാം എന്ന മുപ്പതുകാരന്‍ കൊല്ലപ്പെട്ടത്. ചിന്‍മയി കൃഷ്‌ണദാസ് ബ്രഹ്മചാരിയുടെ അനുയായികളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബംഗ്ലാദേശ് സമ്മിലിത സന്‍സ്ഥാനി ജാഗരണ്‍ ജോതെ വക്താവ് അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൃഷ്‌ണദാസിന് ജാമ്യം നിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ചത്തോഗ്രാമിലെ ആറാം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കൃഷ്‌ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്‌തു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇസ്ലാമിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇസ്ലാമിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മുപ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അറിയിച്ചു.

കൊലപാതകത്തില്‍ ഇവരുടെ പങ്ക് പരിശോധിച്ച് വരികയാണ്. കസ്റ്റഡിയിലെടുത്തവരെ അറസ്റ്റ് ചെയ്‌ത് പ്രാഥമിക അന്വേഷണത്തിന് ശേഷം വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കും. സംശയിക്കുന്ന കൂടുതല്‍ പേരെ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സൈന്യവും അര്‍ദ്ധസൈനികവിഭാഗവും പൊലീസും ചേര്‍ന്ന് രാത്രി മുഴുവന്‍ നടത്തിയ െതരച്ചിലിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്‌തെന്ന് ചത്തോഗ്രം മെട്രോപൊളിറ്റന്‍ പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ കാസി മുഹമ്മദ് തരീക് അസീസ് പറഞ്ഞു. അഭിഭാഷകന്‍റെ കൊലപാതകത്തെ ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനസ് അപലപിച്ചു. ജനങ്ങള്‍ ശാന്തരാകണമെന്നും അനധികൃത പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അധികൃതരോട് നിര്‍ദ്ദേശിച്ചു. നഗരത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബംഗ്ലാദേശില്‍ എന്ത് വിലകൊടുത്തും സാമുദായിക ഐക്യം നിലനിര്‍ത്താന്‍ ഇടക്കാല സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്‌ച ധാക്കയിലെ ഹസ്‌റത്ത് ഷാഹ്ജലാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് കൃഷ്‌ണദാസിനെ അറസ്റ്റ് ചെയ്‌തത്. ചത്തോഗ്രാമില്‍ ഒരു റാലിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അറസ്റ്റ്. കോടതി ജാമ്യം നിഷേധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്‌തതോടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തെയും കൊണ്ട് ജയിലിലേക്ക് പോയ വാനും പ്രക്ഷോഭകര്‍ തടയാന്‍ ശ്രമിച്ചു.

പത്ത് പൊലീസുകാരടക്കം 37 പേര്‍ക്ക് പരിക്കേറ്റതായി പൊലീസും ദൃക്‌സാക്ഷികളും പറയുന്നു. പ്രക്ഷോഭകരെ പിരിച്ച് വിടാന്‍ ബാറ്റണുകളും ശബ്‌ദഗ്രനേഡുകളും മറ്റും പ്രയോഗിച്ചു. ഇതിനിടെയാണ് പ്രക്ഷോഭകരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. ഇസ്‌കോണ്‍ അംഗമായിരുന്ന കൃഷ്‌ണദാസിനെ ഈയിടെ ഇതില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം ബംഗ്ലാദേശിലെ ഇസ്‌കോണ്‍ അദ്ദേഹത്തിന്‍റെ അറസ്റ്റിനെ അപലപിച്ചു.

ദാസിനും പതിനെട്ടുപേര്‍ക്കുമെതിരെ ചത്തോഗ്രാമിലെ കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവിന്‍റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഒക്‌ടോബര്‍ പതിനഞ്ചിന് നഗരത്തിലെ ലാല്‍ഡിഘി മൈതാനത്ത് നടന്ന ഹിന്ദു സമുദായത്തിന്‍റെ ഒരു റാലിക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.

മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ദാസിന്‍റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. ദാസിന്‍റെ അറസ്റ്റില്‍ ബംഗ്ലാദേശിലെ ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്‌ത്യന്‍ ഐക്യ കൗണ്‍സിലും പ്രതിഷേധിച്ചു. അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം അഭിഭാഷകന്‍ സെയ്‌ഫുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇടക്കാല സര്‍ക്കാരിന്‍റെ ഉപദേശകന്‍ നഹിദ് ഇസ്ലാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സംഭവം ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി. ദാസിന്‍റെ അറസ്റ്റ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധത്തിലും ഉലച്ചില്‍ ഉണ്ടാക്കിയിട്ടുണ്ട്.

Also Read:'മുസ്‌ലിം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു'; സംരക്ഷണം ആവശ്യപ്പെട്ട് റാലി നടത്തി ഹിന്ദു സംഘടനകള്‍

ABOUT THE AUTHOR

...view details