തിരുവനന്തപുരം :ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനമാണ്. തലച്ചോറിന്‍റെ വളർച്ചയ്ക്കിടെയുണ്ടാകുന്ന വൈകല്യങ്ങളുമായി ബന്ധപ്പെട്ട അവസ്ഥയാണ് ഓട്ടിസം. പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാകാത്തതാണ് ഈ അവസ്ഥ. 100ൽ ഒരാൾക്ക് എന്ന അനുപാതത്തിൽ ലോകം മുഴുവനും ഇത് ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഓട്ടിസം ഗുരുതരമായ രോഗാവസ്ഥയല്ല. സ്വാഭാവിക പ്രതികരണത്തിനോ പ്രവർത്തനത്തിനോ കഴിയാത്ത വിധം തലച്ചോറിനുണ്ടാകുന്ന രൂപമാറ്റമാണിത്. ഓരോ ഓട്ടിസം ബാധിതരും വ്യത്യസ്‌തരായിരിക്കും. നിരന്തരമായ തെറാപ്പിയിലൂടെയും കൗൺസിലിങ്ങിലൂടെയും മാത്രമേ ഓട്ടിസം ബാധിതരെ സഹായിക്കാനാകൂ. ഓട്ടിസത്തെക്കുറിച്ച് തിരുവനന്തപുരം, പട്ടം, എസ്‌യുടി ആശുപത്രിയിലെ ചൈൽഡ് ഡെവലപ്‌മെന്‍റ് തെറാപ്പിസ്റ്റ് എ രശ്‌മി മോഹൻ പറയുന്നു.
ഒന്നര വയസിൽ ഓട്ടിസം തിരിച്ചറിയാം :തലച്ചോറിന്‍റെ വളർച്ചയിൽ ഉണ്ടാകുന്ന പാകപ്പിഴകളാണ് ഓട്ടിസം ബാധയ്ക്ക് കാരണമാകുന്നത്. ഒന്നര വയസുള്ള കുട്ടി ഓട്ടിസം ബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. മാതാപിതാക്കള്‍ക്ക് കുട്ടിയെ നിരീക്ഷിച്ച് ഇത് മനസിലാക്കാനാകും. സാധാരണ ഒന്നര വയസിലാണ് കുട്ടികൾ സംസാരിച്ച് തുടങ്ങുന്നതും പ്രതികരിച്ച് തുടങ്ങുന്നതും. പെരുമാറ്റത്തിലും സംസാരത്തിലുമുള്ള അസ്വാഭാവികതകൾ ഒന്നര വയസ് മുതൽ കുട്ടി പ്രകടമായി കാണിച്ചുതുടങ്ങും.
ലക്ഷണങ്ങൾ എന്തെല്ലാം ?
സമപ്രായക്കാരായ കുട്ടികളിൽ നിന്നും ഓട്ടിസം ബാധിതരായ കുട്ടികളുടെ പെരുമാറ്റം ചെറുപ്പത്തിൽ പെട്ടെന്ന് വേർതിരിച്ചറിയാനാകില്ല. ചോദ്യം ചോദിക്കുമ്പോൾ കണ്ണിൽ നോക്കാതെ ഉത്തരം പറയുകയും ചോദിച്ച ചോദ്യം തിരിച്ച് അനുകരിക്കുകയും ചെയ്യുന്നത് ഓട്ടിസത്തിന്‍റെ ലക്ഷണമാകാം. സമപ്രായക്കാരുമായി ഓട്ടിസം ബാധിതനായ കുട്ടി തീരെ ഇടപെടാൻ താത്പര്യം കാണിക്കില്ല.
സ്വന്തം ലോകത്തെ കളി ചിരികളിൽ സദാസമയവും വ്യാപൃതരായിരിക്കും ഇവര്‍. മറ്റുള്ളവരുമായി ഇടപെടാത്തത് മറ്റൊരു ലക്ഷണമാണ്. ആവർത്തിച്ചുള്ള ചേഷ്‌ടകൾ ഓട്ടിസം ബാധിതനായ കുട്ടിയുടെ പ്രത്യേകതയാണ്. സംശയം തോന്നിയാൽ ഉടൻ ഡോക്‌ടറുമായി ബന്ധപ്പെടണം. ഓട്ടിസത്തിന്‍റെ തീവ്രത മനസിലാക്കാന്‍ അതിനെ ലോകാരോഗ്യ സംഘടന മൂന്നായി തിരിച്ചിട്ടുണ്ട്. മൈൽഡ് (Mild), മോഡേറേറ്റ് (Moderate), സിവിയർ (Severe) എന്നിവയാണ് അവ.