ന്യൂഡല്‍ഹി : മതിയായ കായികാധ്വാനം ഇല്ലാത്തത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നത് വാസ്‌തവമാണ്. കായികാധ്വാനവും ശാരീരിക-മാനസിക ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും അടിവരയിടുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് ഇത്തരത്തില്‍ കായികാധ്വാനവുമായി ബന്ധപ്പെട്ടതാണ്.
പ്രായപൂര്‍ത്തിയായ 180 കോടി ജനങ്ങള്‍ക്ക് കായികാധ്വാനം ഇല്ലാത്തത് മൂലം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021ലെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയായ ജനതയുടെ മൂന്നിലൊന്ന് പേരാണ് മതിയായ കായികാധ്വാനം ഇല്ലാത്തത് കൊണ്ടുള്ള വെല്ലുവിളികള്‍ നേരിടുന്നത്. ഇതേ പ്രവണത തുടരുകയാണെങ്കില്‍ 2030ഓടെ ഇത് 35 ശതമാനത്തിെലത്തുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായപൂര്‍ത്തിയായ ഒരാള്‍ ആഴ്‌ചയില്‍ മിതമായ തോതില്‍ 150 മിനിറ്റോ കഠിനമായ രീതിയില്‍ 75 മിനിറ്റോ കായികാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കണമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരികാധ്വാനം ഇല്ലാത്തത് മൂലം ഹൃദയാഘാതം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, മറവി രോഗം, സ്‌തനാര്‍ബുദം അടക്കമുള്ള അര്‍ബുദങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടനയില്‍ നിന്നും അക്കാദമിക് രംഗത്ത് നിന്നുമുള്ള വിദഗ്‌ധര്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉയര്‍ന്ന കായികാധ്വാനത്തിലൂടെ അര്‍ബുദം, ഹൃദ്രോഗം എന്നിവയെ ഒരുപരിധി വരെ അകറ്റി നിര്‍ത്താനും മാനസികാരോഗ്യം ആര്‍ജിക്കാനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനം ഗെബ്രിയോസിസ് പറയുന്നു. ഉയര്‍ന്ന വരുമാനമുള്ള ഏഷ്യ-പസഫിക് മേഖലയിലും (48 ശതമാനം) ദക്ഷിണേഷ്യയിലും (45 ശതമാനം) ആണ് ശാരീരികാധ്വാനം ഏറ്റവും കുറവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.