ഉപ്പില്ലാത്ത കഞ്ഞിപോലെയെന്ന പഴമൊഴി നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഉപ്പില്ലാത്ത കഞ്ഞി കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തവരായിരിക്കും എല്ലാവരും. എത്ര രുചികരമായി ഭക്ഷണം പാകം ചെയ്‌താലും ആവശ്യത്തിന് ഉപ്പില്ലെങ്കിൽ പിന്നെ അത് കഴിക്കുന്ന കാര്യം കഷ്‌ടമാണ്. എന്നാൽ കുറച്ച് ദിവസത്തേക്ക് ഉപ്പ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? ആഹാരത്തിൽ നിന്ന് ഉപ്പ് ഉപേക്ഷിച്ചാൽ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കും? ഒരു ദിവസം ഒരാൾ ശരാശരി 4 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കാൻ പാടില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. എന്നാൽ ഉപ്പ് പൂർണ്ണമായും ഒഴിവാക്കിയാൽ എന്ത് സംഭവിക്കും? അറിയാം.
ഒരു മാസം ഉപ്പ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?
ശരീരഭാരം കുറയുന്നു
ഭക്ഷണത്തിൽ നിന്ന് ഉപ്പ് പൂർണമായി ഒഴുവാക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആദ്യത്തെ മാറ്റം ശരീരഭാരം കുറയുക എന്നതാണ്. ഒരു മാസം നിങ്ങൾ ഉപ്പ് വേണ്ടെന്ന് വയ്ക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയും. ഇത് വയറിലും അരക്കെട്ടിലും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചുകളയാൻ ആരംഭിക്കും. എന്നാൽ അമിതമായി ശരീരഭാരം കുറയുന്നതായി കണ്ടാൽ ശരീരത്തെ മോശമായി ബാധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ദഹന പ്രശ്‌നങ്ങൾ
ഉപ്പ് ഒഴിവാക്കുമ്പോൾ ശരീരത്തിൽ പലതരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയാകുന്നു. ഉപ്പിന്‍റെ അഭാവം ദഹന വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും വയറുവേദന അനുഭവപ്പെടാനും കാരണമാകുന്നു. കൂടാതെ കുടലിന്‍റെ ആരോഗ്യം മോശമാകാനും ഇത് കാരണമായേക്കും.