പത്തനംതിട്ട: സ്‌ത്രീയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. കോട്ടയം ഏറ്റുമാനൂർ സ്വദേശി സനോജ് എന്ന എബിൻ മോഹൻ (37) ആണ് കോന്നി പൊലീസിൻ്റെ പിടിയിലായത്. ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഞയറാഴ്‌ച (ഡിസംബർ 01) രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെട്ടെന്ന് തന്നെ സ്‌ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. എതിർത്തപ്പോൾ ക്രൂരമായ രീതിയിൽ ഉപദ്രവിക്കുകയും ദേഹത്ത് മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇയാളുടെ അതിക്രമത്തിൽ സ്‌ത്രീയുടെ വായക്കുള്ളിൽ മുറിവ് ഉണ്ടാവുകയും അണപ്പല്ല് ഇളകിപ്പോകുകയും ചെയ്‌തു. സ്‌ത്രീ ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ വീട്ടമ്മ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സതേടി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോന്നി പൊലീസെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. ശാസ്‌ത്രീയ അന്വേഷണ സംഘം, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്‌ധർ, ഡിപ്പാർട്ട്മെൻ്റ് ഫോട്ടോഗ്രാഫർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുത്തു.
കോന്നിയിലെ ഭാര്യ വീട്ടിൽ നാല് മാസമായി പ്രതി താമസിച്ച് വരികയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഏറ്റുമാനൂരിന് സമീപം കാണാക്കാരിയിൽ നിന്നും പിടികൂടി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീട്ടമ്മ ഒറ്റക്കാണ് താമസമെന്ന് മനസിലാക്കിയ പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് ബലാത്സംഗശ്രമം നടത്തിയത്. കോന്നിയിലെ മാരുതി ഷൊറൂമിൽ സ്‌പ്രേ പെയിൻ്ററായി ജോലി ചെയ്‌ത് വന്നിരുന്ന പ്രതി എന്നും മദ്യപിച്ചാണ് വീട്ടിലെത്തിയിരുന്നത്.
യാൾ മദ്യത്തിനും മയക്ക് മരുന്നിനും അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇൻസ്‌പെക്‌ടർ പി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ സിപിഓമാരായ അൽസാം, അനീഷ്, ജോൺസൺ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Also Read: പന്ത്രണ്ട് വയസുകാരിക്ക് പലതവണ പീഡനം; അമ്മ കൂറ് മാറിയിട്ടും രണ്ടാനച്‌ഛന് 141 വര്‍ഷം കഠിന തടവ്