കൊൽക്കത്ത : ഒഡിഷയിൽ പടരുന്ന പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ അതിർത്തി അടയ്ക്കാൻ മുഖ്യമന്ത്രി മമത ബാനർജി ഉത്തരവിട്ടു. മമത ബാനർജി വിവിധ വകുപ്പുകളുമായി അവലോകന യോഗം നടത്തി. പക്ഷിപ്പനിക്കെതിരെ ജാഗ്രത പാലിക്കാൻ മമത ബാനര്‍ജി നിർദേശം നൽകി.
'ഒഡിഷയിൽ, പക്ഷിപ്പനി പടർന്നുപിടിച്ചതായി ഞങ്ങൾക്ക് വാർത്തകൾ ലഭിച്ചിട്ടുണ്ട്. മൃഗ വിഭവശേഷി വകുപ്പ് ഞങ്ങൾക്ക് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡിഷ-ബംഗാള്‍ അതിർത്തി അടയ്ക്കാൻ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്' -മമത ബാനർജി പറഞ്ഞു.
മേദിനിപൂർ, ബങ്കുര, ഝാർഗ്രാം, പുരുലിയ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.'' കച്ചവടം നടത്തുന്നവർക്ക് അത് തുടരാം, എന്നാൽ വൃത്തിഹീനമായ സാധനങ്ങൾ കൊണ്ടുവന്ന് ആളുകൾക്ക് രോഗം പരത്തരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളിൽ ഇതുവരെ കേസുകൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ കേസുകൾ ഉള്ളതിനാൽ ബംഗാളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം റെയിൽവേയിൽ കർശന നിരീക്ഷണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തി അടച്ചാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പക്ഷിപ്പനി ബാധിച്ച സാധനങ്ങൾ റെയിൽവേ വഴി ബംഗാളിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ വിഷയത്തിൽ റെയിൽവേയുമായി ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയോട് മമത ബാനർജി നിർദേശിക്കുകയും ചെയ്‌തു. പക്ഷിപ്പനി ബാധ കുറഞ്ഞാൽ അതിർത്തി വീണ്ടും തുറക്കും, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സാധനങ്ങൾ സ്വീകരിക്കുകയും ചെയ്യും. ആരുടെയും ഭക്ഷണത്തെക്കുറിച്ച് കുറ്റം പറയുന്നില്ല, എന്നാൽ ആർക്കും അസുഖം വരാതിരിക്കാനാണ് ഈ മുൻകരുതലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം, കുരങ്ങ് പനി (മങ്കി പോക്‌സ്)യെ കുറിച്ചും മുഖ്യ മന്ത്രി മുന്നറിയിപ്പ് നൽകി. കുരങ്ങ് പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ മമത ബാനർജി ഭരണകൂടത്തോട് ഉത്തരവിട്ടു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഈ അണുബാധ ഇതിനകം കണ്ടുകഴിഞ്ഞു. കുരങ്ങ് പനി പ്രശ്‌നത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മമത ബാനർജി പറഞ്ഞു.
മലേറിയ, പക്ഷിപ്പനി, എംപോക്‌സ് എന്നിവയ്‌ക്കെതരിയെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ നോഡല്‍ ഓഫിസര്‍മാരെ വീതം നിയമിക്കാൻ ആരോഗ്യ സെക്രട്ടറി നാരായൺ സ്വരൂപ് നിഗമിനോട് അവർ നിർദേശിച്ചു. ഇക്കാര്യത്തിൽ, കൊവിഡ് കാലത്ത് പ്രധാന പങ്കുവഹിച്ച ഡോക്‌ടർ യോഗിരാജിന്‍റെ സഹായം തേടാൻ ആരോഗ്യവകുപ്പിനോട് മമത ബാനര്‍ജി നിര്‍ദേശിച്ചു.
Also Read : ഭയം വേണ്ട, ജാഗ്രത മതി; ഇന്ത്യയിൽ മങ്കിപോക്‌സ് പടരാനുള്ള സാധ്യത ഇപ്പോഴില്ലെന്ന് ഡിജിഎച്ച്എസ് - DGHS About Monkey Pox