കാസർകോട്: കേരള പ്ലാന്‍റേഷൻ കോർപറേഷൻ ഗോഡൗണിൽ കെട്ടികിടക്കുന്ന ലിറ്റര്‍ കണക്കിന് എന്‍ഡോസൾഫാൻ ഉടൻ നിർവീര്യമാക്കും. ആകെ 1,454 ലിറ്റർ എന്‍ഡോസൾഫാനാണ് കേരളത്തിൽ കെട്ടികിടക്കുന്നത്. 10 കിലോ ഖരരൂപത്തിലുള്ളതുമുണ്ട്.
വർഷങ്ങളായിട്ടുള്ള ആവശ്യമായിരുന്നു എന്‍ഡോസൾഫാൻ ഇവിടെ നിന്നും മാറ്റി നിർവീര്യമാക്കുക എന്നത്. ചെറിയ ബാരലുകളിലേക്ക് മാറ്റിയാണ് എന്‍ഡോസൾഫാൻ കൊണ്ടു പോവുക. എന്‍ഡോസള്‍ഫാന്‍ കൊണ്ടുപോകുന്ന കമ്പനിയുടെ കേന്ദ്രത്തിൽ വച്ച് 1100-1200 ഡിഗ്രിയിൽ കത്തിച്ച് കളയാനാണ് സാധ്യത എന്ന് വിദഗ്‌ധർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാസർകോട് എസ്റ്റേറ്റിൽ 700 ലിറ്ററും രാജപുരം എസ്റ്റേറ്റിൽ 450 ലിറ്ററും പാലക്കാട് മണ്ണാർക്കാട് എസ്റ്റേറ്റിൽ 304 ലിറ്റർ എന്‍ഡോസൾഫാനുമാണ് ഉള്ളത്. ചീമേനി എസ്റ്റേറ്റിൽ 10 കിലോ ഖര രൂപത്തിൽ ഉണ്ട്. ഇതാണ് മുഴുവനായും നിർവീര്യമാക്കുക.
രണ്ട് ഘട്ടങ്ങളിൽ ആയിട്ടാകും നടപടി. എന്‍ഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ദേശീയ ഹരിത ട്രൈബൂണൽ നിയോഗിച്ച വിദഗ്‌ധ സമിതി ആണ് എന്‍ഡോസള്‍ഫാന്‍ ചെറിയ ബാരലുകളിലേക്ക് മാറ്റാന്‍ നിർദേശിച്ചത്. എടുത്തു കൊണ്ടു പോകാൻ കഴിയുന്ന വിധത്തിലാണ് ചെറിയ ബാരലുകളിലേക്ക് മാറ്റുക.
നേരത്തെ കാസർകോട് തന്നെ കീടനാശിനി നിർവീര്യമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും മേൽനോട്ടത്തിലാകും എന്‍ഡോസൾഫാൻ മാറ്റുന്ന നടപടികൾ. നിലവിൽ യുഎൻ സാക്ഷ്യപ്പെടുത്തിയ ഹൈ ഡെൻസിറ്റി പോളിയെത്തിലീൻ ബാരലുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്.
അപകടകരമായ കീടനാശിനികൾ നിർവീര്യമാക്കുന്നതിൽ മികവ് തെളിയിച്ച ഏജൻസികളായ ബറൂച്ച് എൻവിറോ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ്, റാംകി എൻവിറോ എൻജിനീയേഴ്‌സ് ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികൾ സാമ്പിൾ ശേഖരിച്ചിരുന്നു. ഇവ കമ്പനിയുടെ ലാബുകളിൽ പരിശോധിച്ച ശേഷം നിർവീര്യമാക്കാനുള്ള അടങ്കൽ സിപിസിബിക്ക് സമർപ്പിക്കും.
ഈ രണ്ട് കമ്പനികളിൽ ഏതെങ്കിലും ഒന്നിനാകും നിർവീര്യമാക്കാനുള്ള അനുമതി നൽകുക. ഒരു മാസത്തിനുള്ളിൽ നടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
സൂക്ഷിച്ചത് 2000 മുതൽ: 1985 മുതൽ 2000 വരെ പ്ലാന്‍റേഷൻ കോർപറേഷൻ കശുമാവിൻ തോട്ടത്തിൽ തേയിലക്കൊതുകിന്‍റെ ആക്രമണം തടയാൻ എൻഡോസൾഫാൻ ഹെലികോപ്‌ടർ വഴി തളിച്ചിരുന്നു. ഇത് വൻ ദുരന്തത്തിന് കാരണമായതോടെ ജനങ്ങൾ പ്രതിഷേധിക്കുകയും തുടർന്ന് 2000ൽ എൻഡോസൾഫാൻ നിരോധിക്കുകയും ചെയ്‌തിരുന്നു. ആ സമയത്ത് ബാക്കിയായ എൻഡോസൾഫാനാണ് നിർവീര്യമാക്കാതെ കിടക്കുന്നത്.
പരിശോധന നവംബർ മുതൽ: 2014 നവംബർ മുതലാണ് എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച പരിശോധനകൾ ആരംഭിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് പരിശോധന നടത്തിയത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ (എൻജിടി) നിർദേശ പ്രകാരമാണ് സിപിസിബി ദക്ഷിണ മേഖല റീജയണൽ ഡയറക്‌ടർ ഡോ. ജെ ചന്ദ്രബാബുവും സംഘവും എത്തിയത്. കേരള പ്ലാന്‍റേഷൻ കോർപറേഷന്‍റെ (പിസികെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാനാണ് സംഘം പരിശോധിച്ചത്.
വർഷങ്ങളായുള്ള ആവശ്യം: എന്‍ഡോസൾഫാൻ നിർവീര്യമാക്കൽ നേരത്തേയുള്ള ആവശ്യമാണെന്നും പുതിയ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകനും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനറുമായ അമ്പലത്തറ കുഞ്ഞികൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. മുഴുവനും ഇവിടെ നിന്നും കൊണ്ടുപോയി നിർവീര്യമാക്കണം. നേരത്തെ ഇവിടെ തന്നെ നിർവീര്യമാക്കാൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. മുഴുവനും നിർവീര്യമാക്കിയാൽ ആശങ്ക ഒഴിയുമെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.