നല്ല മൊരിഞ്ഞ ഒരു പൊറോട്ട എടുത്ത് ബീഫിന്റെ ചാറില്‍ മുക്കി ഒരു പീസ് ബീഫും വച്ച് കഴിച്ചാല്‍ എന്ന് ടൊവിനോ പറയുമ്പോള്‍ ടൊവിനോയോടൊപ്പം വായില്‍ വെളളം നിറയാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍, അമിതമായി പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് പശുക്കള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളിയുടെ പ്രിയഭക്ഷണം ഇത്ര പ്രശ്നക്കാരനാണോ? അറിയാം പൊറോട്ടയെ കുറിച്ച്.
പൊറോട്ട എങ്ങനെ ആരോഗ്യകരമായി കഴിക്കാം
ഫൈബര്‍ പോലെ ആരോഗ്യത്തിന് ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും ഇല്ലാത്ത ഭക്ഷണമായതുകൊണ്ട് പൊറോട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഫൈബര്‍ കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുക:
പൊറോട്ട എപ്പോഴും ഫൈബര്‍ കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ പോലുള്ള നാരുകളുള്ള ഭക്ഷണങ്ങൾ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണെന്ന് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാന്‍ നാരുകളുള്ള ഭക്ഷണങ്ങള്‍ സഹായിക്കുന്നു.
എന്തൊക്കെയാണ് ഫൈബറുളള ഭക്ഷണത്തിന്റെ ഗുണങ്ങള്‍
- ദഹനം സുഗമമാക്കുന്നു: നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുളള ദഹന പ്രശ്നങ്ങള്‍ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
- ഡയബറ്റിസ് നിയന്ത്രിക്കുന്നു:നാരുകൾ പഞ്ചസാരയുടെ ആഗിരണം പതുക്കെയാക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
- ശരീരഭാരം നിയന്ത്രിക്കുന്നു: ഉയർന്ന നാരുകളുള്ള ഭക്ഷണത്തില്‍ കലോറി കുറവാണ്. ഇവ വെശുപ്പ് കുറയ്ക്കുകയും അമിതവണ്ണം വയ്ക്കുന്നത് തടയുകയും ചെയ്യുന്നു.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ഡയറ്ററി ഫൈബർ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
നാരുകളുള്ള ഭക്ഷണങ്ങളോടൊപ്പം പൊറോട്ട എങ്ങനെ കഴിക്കാം
പൊറോട്ടയും ഫൈബർ ഭക്ഷണങ്ങളും ഫലപ്രദമായി കഴിക്കാനുളള ചില വഴികൾ ഇതാ:
- വെജിറ്റബിൾ കറികള്‍:നാരുകളാൽ സമ്പന്നമായ പലതരം വെജിറ്റബിൾ കറികളോടൊപ്പം പൊറോട്ട കഴിക്കുക. ചീര, കോളിഫ്ളവർ, വെണ്ടയ്ക്ക തുടങ്ങിയവയുടെ കറികൾ മികച്ച ചോയ്സുകളാണ്.
- സലാഡുകൾ: തക്കാളി, സവാള, വെള്ളരി, കാരറ്റ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാലഡുകള്‍ പൊറോട്ടയ്ക്ക് ഒപ്പം കഴിക്കുക. ഇതിലൂടെ വിറ്റാമിന്‍, ഫൈബര്‍, ധാതുക്കൾ എന്നിങ്ങനെ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങള്‍ ശരീരത്തിന് ലഭിക്കും.
- ഹോള്‍ ഗ്രെയിൻ: പ്രോസസ് ചെയ്ത മൈദ ഉപയോഗിച്ച് പൊറോട്ട ഉണ്ടാക്കാതെ ഗോതമ്പ് ഉപയോഗിച്ച് പൊറോട്ട ഉണ്ടാക്കി കഴിക്കുന്നതും മറ്റൊരു ആരോഗ്യകരമായി രീതിയാണ്. മൈദയെ അപേക്ഷിച്ച് കൂടുതൽ നാരുകളും പോഷകങ്ങളും അടങ്ങിയതാണ് ഹോൾ ഗ്രെയിൻ ഗോതമ്പ്.
- പയർ വർഗ്ഗങ്ങള്‍: പയർ, ബീൻസ്, കടല എന്നിവയില്‍ വലിയ അളവില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ പൊറോട്ടയിലെ ഉയർന്ന കലോറി സന്തുലിതമാക്കാൻ സഹായിക്കുന്നു
2. ആരോഗ്യകരമായ എണ്ണ ഉപയോഗിക്കുക:
ഹൈഡ്രജനേറ്റഡ് ഓയിലുകൾ അല്ലെങ്കിൽ നെയ്യ് എന്നിവയ്ക്ക് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുക. ട്രാന്‍സ്ഫാറ്റ് ഉപയോഗിക്കാത്ത പൊറോട്ട മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
3. എണ്ണയുടെ ഉപയോഗം കുറയ്ക്കുക:
എണ്ണയുടെ അളവ് കുറയ്ക്കുന്നത് പൊറോട്ടയിലെ മൊത്തത്തിലുള്ള കലോറി കുറയ്ക്കും. അതുകൊണ്ട് എണ്ണയുടെ അളവ് പരിമിതപ്പെടുത്തുക.
4. ഫ്രൈ ചെയ്യേണ്ട ബേക്ക് ചെയ്യാം:
പരമ്പരാഗതമായി പൊറോട്ട എണ്ണ ഉപയോഗിച്ച് പൊരിച്ചെടുക്കുന്നതിന് പകരം ബേക്ക് ചെയ്ത് എടുക്കുന്നതു വഴി കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.