അന്തരിച്ച ഭാവഗായകന്‍ പി ജയചന്ദ്രനെ അനുസ്‌മരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. "പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ" -എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. ശബ്‌ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്‍പ്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം എന്ന് മോഹന്‍ലാലും കുറിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.
മോഹന്‍ലാലിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ്ണ രൂപം-
"പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്‌ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്‌ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും.
ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്‌ക്ക് ഇഷ്‌ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെ പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമെ എനിക്ക് വേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ. എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എന്‍റെ സൗഭാഗ്യമായി കരുതുന്നു.
ശബ്‌ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്‍പ്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം," മോഹന്‍ലാല്‍ കുറിച്ചു.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജയചന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് (ജനുവരി 9) മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ തൃശൂർ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി. നാളെയാണ് (ജനുവരി 11) സംസ്‌കാരം. ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ ശനിയാഴ്‌ച്ച വൈകിട്ട് 3.30ന് സംസ്‌കാര ചടങ്ങുകള്‍ നടത്തും.
വേറിട്ട ഗാനാലാപന ശൈലിയിലൂടെ മലയാളത്തിന്‍റെ സ്വന്തം ഭാവഗായകനായി മാറിയ അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലായി 15000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗാനഗന്ധർവനായ യേശുദാസിന്‍റെ പ്രതിഭാ ബലത്തിന് മുന്നിൽ ഒരിക്കലും പി ജയചന്ദ്രന്‍റെ ശോഭ ഒളി മങ്ങിയിട്ടില്ല. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണയും നേടിയിട്ടുണ്ട്.