അനുദിനം പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. ലോകത്തുടനീളമുള്ള പ്രമേഹ രോഗികളിൽ ഭൂരിഭാഗവും ഇന്ത്യയിലാണ്. 2023 ലെ കണക്ക് പ്രകാരം 101 ദശലക്ഷം പേർ പ്രമേഹ ബാധിതരും 136 ദശലക്ഷം പേർ പ്രീഡയബറ്റിക് സ്റ്റേജിലുള്ളവരുമാണ്. അതിനാൽ വിട്ടുമാറാത്ത ജീവിതശൈലി രോഗമായ പ്രേമഹം പിടിപെടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിർത്തുന്നതിലൂടെ മാത്രമേ പ്രമേഹത്തെ ചെറുക്കാൻ സാധിക്കൂ. പ്രമേഹമുള്ളവർ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലിയിലെ മാറ്റം എന്നിവയെല്ലാം ഇതിന് സഹായിക്കും. അത്തരത്തിൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ചില മാർഗങ്ങളെ പരിചയപ്പെടുത്തുകയാണ് ഡയറ്റീഷ്യൻ സോണിയ നാരംഗ്.
ഉലുവ വെള്ളം
പതിവായി ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻ സോണിയ നാരംഗ് പറയുന്നു. ഉലുവയിൽ ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്‍റെ ആഗിരണത്തെ മെല്ലെയാക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. അതിനായി രാത്രിയിൽ ഒരു ടേബിൾ സ്‌പൂൺ ഉലുവ വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക. രാവിലെ ഒഴിഞ്ഞ വയറ്റിൽ ഈ വെള്ളം കുടിക്കുക.
ഉള്ളി
സൾഫർ, ഫ്ലേവനോയ്‌ഡുകൾ എന്നിവയാൽ സമ്പന്നമാണ് ഉള്ളി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇവ വളരെയധികം സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ ദിവസേന ഡയറ്റിൽ ഉള്ളി ഉൾപ്പെടെത്തുക. പ്രേമഹം ഫലപ്രദമായി നിയന്ത്രിക്കാൻ ഇത് ഗുണം ചെയ്യുമെന്ന് സോണിയ നാരംഗ് പറയുന്നു.
കടുകെണ്ണ, വെളിച്ചെണ്ണ
ഭക്ഷണം പാകം ചെയ്യുമ്പോൾ ശരിയായ എണ്ണ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശുദ്ധീകരിച്ച എണ്ണയുടെ ഉപയോഗം ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ പ്രമേഹ രോഗികൾ ഭക്ഷണം പാകം ചെയ്യുന്നതിനായി കടുകെണ്ണ, വെളിച്ചെണ്ണ, എക്‌സ്‌ട്രാ വെർജിൻ ഓയിൽ എന്നിവ ഉപയോഗിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
നടത്തം
ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 500 ചുവടുകളെങ്കിലും നടക്കുന്നത് പ്രമേഹം നിയന്തിക്കാൻ സഹായിക്കുമെന്ന് സോണിയ നാരംഗ് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഊജ്ജത്തിനായി ഗ്ലുക്കോസ് ഉപയോഗിക്കുകയും പേശികളെ സജീവമായി നിലനിർത്താനും സാധിക്കും. ഇത് രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് വർധിക്കുന്നത് തടയാനും സഹായിക്കും. അതിനാൽ ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം നടത്തം ശീലമാക്കുക.
മഞ്ഞൾ ചേർത്ത നെല്ലിക്ക ജ്യൂസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നവയാണ് നെല്ലിക്കയും മഞ്ഞളും. അതിനാൽ ഒരു ടീസ്‌പൂൺ നെല്ലിക്ക നീരും ഒരു നുള്ള് മഞ്ഞളും ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ഉറങ്ങുന്നതിന് മുമ്പ് കുടിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പ്രമേഹം നിയന്ത്രിക്കണോ ? ദിവസേന കഴിക്കാം ഈ വിത്തുകൾ; ഗുണങ്ങൾ അനവധി