ആർത്തവ സമയത്ത് വേദന, പേശി വലിവ് തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾ നിരവധിയാണ്. ചില സ്ത്രീകളിൽ ആദ്യ രണ്ട് ദിവസത്തിന് ശേഷം ഇത്തരം ബുദ്ധിമുട്ടുകൾ മാറുമെങ്കിലും വേദനയുടെ തീവ്രത കൂടുതലായിരിക്കും. ആർത്തവത്തിന് മുമ്പ് ഗർഭപാത്രത്തിൽ രൂപപ്പെടുന്ന ഒരു പാളിയാണ് എന്‍ഡോമെട്രിയം. ഗർഭപാത്രം ചുരുങ്ങുന്നതിലൂടെയാണ് ഈ എന്‍ഡോമെട്രിയം പുറന്തള്ളുന്നത്. അതിന് സഹായിക്കുന്ന പ്രോസ്‌റ്റാഗ്ലാന്‍ഡിനുകള്‍ എന്ന ലിപിഡ് സംയുക്തങ്ങളുടെ ഉയർന്ന തോതാണ് ചിലരിൽ ആർത്തവ സമയത്ത് കഠിനമായ വേദനയ്ക്ക് കാരണമാകുന്നത്. ഇത് തടയാനായി മെഫെനമിക് ആസിഡ്, ഐബുപ്രൊഫന്‍ പോലുള്ള നോണ്‍ സ്‌റ്റിറോയ്‌ഡല്‍ ആന്‍റി-ഇന്‍ഫ്ലമേറ്ററി മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഇത്തരം മരുന്നുകളുടെ ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. അതിനാൽ ആർത്തവ സമയത്തെ വേദന ലഘൂകരിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.
ഹീറ്റ് തെറാപ്പി
അടിവയറ്റിലോ നാടുവിന്‍റെ ഭാഗത്തായോ ചൂട് പിടിക്കുന്നത് ആർത്തവ വേദനയ്ക്ക് ശമനം നൽകും. അതിനായി ഒരു ഹോട്ട് വാട്ടർ ബാഗ് ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത് പേശികൾക്ക് അയവ് വരുത്താനും വേദന കുറയ്ക്കാനും സഹായിക്കും.
നടത്തം
നടത്തം പോലുള്ള ചെറിയ രീതിയിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എൻഡോർഫിൻ അളവ് വർധിപ്പിക്കും. ഇത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
പോഷകാഹാരം
പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, വിറ്റാമിൻ ബി 1 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.