കുട്ടികളുടെ മാനസിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും വ്യക്തിത്വ വികാസത്തിനും അവരുടെ തലച്ചോറിലെ വിവിധ മേഖലകള്‍ തുറക്കുന്നതിനും കുട്ടിക്കാലം മുതല്‍ വായന ശീലമാക്കേണ്ടത് അത്യാവശ്യമാണ്. ചില കുട്ടികളില്‍ സ്വാഭാവികമായി വായനാ ശീലം കണ്ടുവരാറുണ്ട്. എന്നാല്‍ വായനാ ശീലം ചെറുപ്പത്തില്‍ കാണിക്കാത്ത കുട്ടികളെ അതിന് ശീലിപ്പിക്കേണ്ടതുണ്ട്. ഇത് അവരുടെ വ്യക്തിത്വ വികാസത്തിനും ശോഭനമായ ഭാവിക്കും സഹായകരമാകുമെന്നത് തീര്‍ച്ചയാണ്.
ചെറിയ പ്രായം മുതല്‍ കുട്ടികള്‍ക്ക് പുസ്‌തകം വാങ്ങി നല്‍കി അവരെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന എല്ലാ പുസ്‌തകങ്ങളും കുട്ടികള്‍ക്ക് ഇഷ്‌ടമാകണമെന്നില്ല. ഇഷ്‌ടമില്ലാത്ത പുസ്‌തകങ്ങള്‍ നന്നേ ചെറുപ്പത്തില്‍ അടിച്ചേല്‍പ്പിക്കുന്നതും വിപരീത ഫലം ചെയ്യും.
അതുകൊണ്ട് തന്നെ കുട്ടികള്‍ക്കുള്ള പുസ്‌തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ പ്രായവും വായന നിലവാരവും ആദ്യം പരിഗണിക്കണം. അവരുടെ ഭാവന വർധിപ്പിക്കുന്ന തരത്തിലുള്ള പുസ്‌തകം തിരഞ്ഞെടുക്കണം. കുട്ടികളുടെ താത്പര്യങ്ങള്‍ കൂടെ മനസിലാക്കിവെക്കണം.
വാക്കുകളില്ലാതെ ചിത്രങ്ങൾ മാത്രമുള്ള പുസ്‌തകങ്ങള്‍ ചില കൊച്ചുകുട്ടികൾക്ക് ഇഷ്‌ടമാണ്. മറ്റു ചിലര്‍ക്കാകട്ടെ ചിത്രങ്ങളുടെ കൂടെ വായിക്കാനും താത്പര്യമുണ്ടാകും. അഞ്ച് വയസുള്ള കുട്ടികൾ സാധാരണയായി അവർ അറിയുന്നതും ദിവസവും ഉപയോഗിക്കുന്നതുമായ വാക്കുകളാണ് ഇഷ്‌ടപ്പെടുന്നത്. പരിചയമുള്ള വ്യക്തികളെ വച്ച് കഥ പറഞ്ഞാൽ അവർ അതിനോട് കൂടുതല്‍ താത്പര്യം കാണിക്കും. 8-9 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ചെറുകഥകളുടെ ശേഖരവും ഒപ്പം യഥാർഥ ലോകത്തെ വരച്ചുകാട്ടുന്ന പുസ്‌തകങ്ങളും നല്‍കാം. ഫാന്‍റസി, സാഹസികത, സൗഹൃദം തുടങ്ങിയ വിഷയങ്ങളില്‍ അവർ താത്പര്യം കാണിച്ചേക്കാം.