ചെന്നൈ: ഇന്ത്യ പുകയില ചവയ്ക്കുന്നവരുടെ തലസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് ഡോ.ശ്രീനിവാസ് ചിലുകുരി. ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്‍ററിലെ റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്‍റാണ് ഡോ. ചിലുകുരി. രാജ്യത്തെ 42 ശതമാനം പുരുഷന്‍മാരും പതിനെട്ട് ശതമാനം സ്‌ത്രീകളും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷം പുകയില ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഒരു പതിറ്റാണ്ടോളം പുകയില ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായ ശേഷമാണ് ഈ കുതിപ്പെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ജനസംഖ്യയുടെ 27ശതമാനവും പുകയില ഉപയോഗിക്കുന്നു. ഇത് രാജ്യത്തെ യുവാക്കളുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്ന കണക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുകവലിയും പുകവലി ഇതര രൂപത്തിലുമായി രണ്ട് തരത്തിലാണ് രാജ്യത്ത് പുകയില ഉപയോഗിക്കുന്നത്. പുകവലിയുടെ രൂപത്തിലും അല്ലാതെയും, സിഗററ്റുകള്‍, ബീഡികള്‍, ഹുക്ക, ആധുനിക രൂപമായ ഇ സിഗററ്റ് വേപ്പിങ്ങുകളും വരെയെത്തി നില്‍ക്കുന്നു അത്. പുകവലിയിതര പുകയില ഉപഭോഗത്തില്‍ പുകയിലെ ചവയ്ക്കല്‍, വായില്‍ പുകയില തിരുകല്‍, തുടങ്ങിയവയാണ് പ്രധാനമായും ഉള്ളത്. ഇവയാണ് ഏറെ അപകടകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുകയിലയില്‍ നിക്കോട്ടിന്‍ മാത്രമല്ല ഉള്ളത്. 70 ശതമാനവും കാഴ്‌സിനോജനുകളും ഇവയിലടങ്ങിയിരിക്കുന്നു. ശ്വാസകോശത്തിലെയും വായിലെയും അര്‍ബുദങ്ങള്‍ക്കപ്പുറം തൊണ്ട, അന്നനാളം, വയര്‍, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ്, മൂത്രാശയം, ഗര്‍ഭാശയമുഖം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കും പുകയില കാരണമാകുന്നു.
അര്‍ബുദ മരണങ്ങളിലെ മുപ്പത് ശതമാനവും പുകയില ജന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫലപ്രദമായ നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട്.
ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ടെങ്കിലും രാജ്യത്ത് പുകയില ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നു. ബിഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവടങ്ങളില്‍ പുകയില ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ട്. ഇവിടങ്ങളില്‍ അന്‍പത് ശതമാനം പുരുഷന്‍മാരും പുകയില ഉപയോഗിക്കുന്നു.