തിരുവനന്തപുരം:ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആത്മഹത്യക്കെതിരെ ലോകവ്യാപകമായ ബോധവത്കരണം നടത്താൻ ഉദ്ദേശിച്ചാണ് ലോകാരോഗ്യ സംഘടന സെപ്റ്റംബർ 10ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നത് തിരുവനന്തപുരം ജില്ലായിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായ തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം നൽകിയ വിവരാവകാശ രേഖ പ്രകാരം ലഭിച്ച കണക്കുകളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വിശദീകരിക്കുന്നത്. ഇന്നലെയാണ് ആത്മഹത്യകൾ ഓരോ വർഷവും വർദ്ധിക്കുന്നതായി തെളിയിക്കുന്ന കണക്കുകൾ പുറത്തു വന്നത്. 2013 മുതൽ 2023 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്‌തത് 2023 ലാണ്. 96335 പേരാണ് 10 വർഷത്തിനിടെ സംസ്ഥാനത്താകെ ആത്മഹത്യ ചെയ്‌തത്. ഇതിൽ കഴിഞ്ഞ വർഷം മാത്രം 10972 പേരാണ് ജീവനൊടുക്കിയത്.
ആത്മഹത്യകളിലെ പുരുഷ സ്ത്രീ അനുപാതം 80 : 20 ആണ്. കുടുംബമൊട്ടാകെയുള്ള ആത്മഹത്യകളും ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. 50 പേരാണ് കുടുംബത്തോടെ 2023 ൽ മാത്രം ആത്മഹത്യാ ചെയ്‌തത്. മരിച്ചവരിൽ 75% വിവാഹിതരാണ്. 47.4 ശതമാനം പേരും കുടുംബ പ്രശ്‌നങ്ങൾ കാരണമാണ് ജീവനൊടുക്കിയത്. മരണപ്പെട്ടവരിൽ 80.7 ശതമാനം പേരും തൂങ്ങിമരിച്ചവരാണ്. ഏറ്റവും കുറവ് ആത്മഹത്യകൾ നടന്ന മലപ്പുറം ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം 515 പേർ ആത്മഹത്യ ചെയ്‌തു.