ഹൈദരാബാദ്: ഹൈദരാബാദിലെ എംഎൻജെ കാൻസർ ഹോസ്‌പിറ്റലിൽ 100 റോബോട്ടിക് ക്യാൻസർ ശസ്‌ത്രക്രിയകൾ വിജയകരമായി പൂർത്തിയായി. ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരത്തിലുള്ള ശസ്‌ത്രക്രിയ നടക്കുന്നത്. ആറുമാസം മുമ്പ് എംഎൻജെയിൽ 30 കോടിയോളം രൂപ ചെലവിൽ റോബോട്ടിക് സർജറി സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ നാല് പ്രൊഫസർമാരും അസിസ്‌റ്റൻ്റ് പ്രൊഫസർമാരും ഇതിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.
മുമ്പ് വൻകിട കോർപ്പറേറ്റ് ആശുപത്രികളിൽ മാത്രമാണ് റോബോട്ടിക് ശസ്‌ത്രക്രിയകൾ ലഭ്യമായിരുന്നത്. ഇവയുടെ വിലയും വളരെ കൂടുതലാണ്. എംഎൻജെയിൽ സൗകര്യമൊരുക്കിയതോടെ പാവപ്പെട്ടവർക്ക് ഏറെ ആശ്വാസം ലഭിച്ചെന്ന് ഡോക്‌ടർമാർ പറയുന്നു. ഈ ശസ്‌ത്രക്രിയകൾ നടത്തുമ്പോള്‍ വലിയ മുറിവുകളൊന്നും ഉണ്ടാകുന്നില്ല. രക്തസ്രാവവും വേദനയും കുറവാണ്. എംഎന്‍ജെ നിലവിൽ സ്‌തനങ്ങൾ, ഗർഭപാത്രം, മലാശയം, വൻകുടൽ, അന്നനാളം, ആമാശയം, മറ്റ് അർബുദങ്ങൾ എന്നിവയ്ക്കായാണ് റോബോട്ടിക് ശസ്‌ത്രക്രിയ നടത്തുന്നത്. അതത് സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ആരോഗ്യ പദ്ധതികളെ ആയുഷ്‌മാൻ ഭാരതുമായി ബന്ധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് ഇപ്പോള്‍ എംഎൻജെ.