ന്യൂഡൽഹി: ഇന്ത്യയിലെ കാൻസർ രോഗികളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ളവരെന്ന് കണ്ടെത്തല്‍. കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷന്‍റെ ഹെൽപ്പ്‌ലൈനിലേക്ക് വിളിച്ച രോഗികളുടെ ഡാറ്റയിലാണ് വർധനവ് സൂചിപ്പിക്കുന്നത്. ഓങ്കോളജിസ്റ്റുകൾ ആരംഭിച്ച കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച് മാർച്ച് 1-നും മെയ് 15-നും ഇടയിൽ 1,368 കോളർമാരാണുള്ളത്.
40 വയസിന് താഴെയുള്ള കാൻസർ രോഗികളിൽ 60 ശതമാനവും പുരുഷന്മാരാണെന്നും പഠനം വ്യക്തമാക്കുന്നു. ഏറ്റവുമധികംപേരിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് തലയിലും കഴുത്തിലുമുള്ള കാന്‍സറാണ്. 26 ശതമാനം പേരിലാണ് ഇതുള്ളത്. ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ അർബുദങ്ങൾ (16 ശതമാനം), സ്‌തനാർബുദം (15 ശതമാനം), രക്താർബുദം (9 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കാന്‍സറുകള്‍ ബാധിച്ച രോഗികള്‍.
ഏറ്റവും കൂടുതൽ കോളുകൾ വന്നത് ഹൈദരാബാദിൽ നിന്നാണ്, തൊട്ടുപിന്നാലെ മീററ്റ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നാണെന്ന് എൻജിഒയുടെ പ്രസ്‌താവനയിൽ പറയുന്നു. രോഗികൾക്ക് സൗജന്യമായി അഭിപ്രായം തേടുന്നതിനായാണ് ഹെൽപ്പ് ലൈൻ നമ്പർ (93-555-20202) ആരംഭിച്ചത്. ഇത് തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.
കാൻസർ രോഗികൾക്ക്, പ്രമുഖ ഓങ്കോളജിസ്റ്റുകളുമായി നേരിട്ട് സംസാരിക്കാനോ അല്ലെങ്കിൽ അവരുടെ കാൻസർ ചികിത്സയെക്കുറിച്ച് ചർച്ച ചെയ്യാൻ വീഡിയോ കോൾ ചെയ്യാനോ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാം. ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചതു മുതൽ, ഇന്ത്യയിലുടനീളമുള്ള കാൻസർ രോഗികൾക്കുള്ള പിന്തുണ സംവിധാനമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ദിവസവും നൂറുകണക്കിന് കോളുകൾ ലഭിക്കുന്നുണ്ടെന്നും കാൻസർ മുക്ത് ഭാരത് കാമ്പെയ്‌നിന്‍റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്റ്റുമായ ഡോ. ആശിഷ് ഗുപ്‌ത പറഞ്ഞു.
'ചികിത്സയിൽ കൂടുതൽ ടാർഗെറ്റു ചെയ്‌ത കാൻസർ സമീപനം രൂപപ്പെടുത്താനും ഇന്ത്യയെ കാൻസർ മുക്തമാക്കാനും ഈ പഠനം സഹായിക്കുന്നു. തലയിലും കഴുത്തിലുമുള്ള അർബുദം ഏറ്റവും വ്യാപകമാണെന്ന് കണ്ടെത്തി, ഇത് ജീവിതശൈലി പരിഷ്‌ക്കരണം, വാക്‌സിനേഷൻ, സ്‌ക്രീനിംഗ് തന്ത്രങ്ങൾ എന്നിവയാൽ പൂർണ്ണമായും തടയാൻ കഴിയും. സ്‌തന, വൻകുടൽ അർബുദങ്ങൾ വളരെ കൂടുതലാണ്. ശരിയായ സ്‌ക്രീനിംഗ് സ്വീകരിക്കാത്തതിനാൽ ഏകദേശം 2/3 കാൻസറുകൾ കണ്ടെത്താന്‍ വൈകിയതായും ഡോ. ഗുപ്‌ത പറഞ്ഞു.