ശ്രീനഗര്‍: വനിതാ അഭിഭാഷകര്‍ക്ക് മുഖാവരണം ധരിച്ച് കോടതിയില്‍ ഹജരാകാൻ സാധിക്കില്ലെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി. അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ചുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഇക്കഴിഞ്ഞ നവംബര്‍ 27ന് പരിഗണിച്ച ഗാര്‍ഹിക പീഡന പരാതി റദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസില്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷക മുഖാവരണം ധരിച്ചെത്തിയ സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം.
കേസ് പരിഗണിച്ച ദിവസം സയ്യിദ് ഐനൈൻ ഖാദ്രി എന്ന സ്‌ത്രീയായിരുന്നു മുഖം മറച്ചുകൊണ്ട് കോടതിയില്‍ ഹാജരായത്. അഭിഭാഷകയോട് മുഖാവരണം മാറ്റാൻ ജസ്റ്റിസ് രാഹുൽ ഭാരതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതിയില്‍ തന്‍റെ മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയ വനിതാ അഭിഭാഷക മുഖാവരണം മാറ്റാൻ വിസമ്മതിച്ചു.
ഇതിന് പിന്നാലെ ഒരു വ്യക്തിയെന്ന നിലയിലും പ്രൊഫഷണലെന്ന നിലയിലും അവരുടെ യഥാര്‍ഥ ഐഡന്‍റിറ്റി സ്ഥിരീകരിക്കാൻ അടിസ്ഥാനവും അവസരവുമില്ലാത്തതിനാല്‍ ഹര്‍ജിക്കാരുടെ അഭിഭാഷകയായി സയ്യിദ് ഐനൈൻ ഖാദ്രിയെ പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. കേസ് മാറ്റിവച്ച കോടതി, നിയമങ്ങൾ അത്തരം വസ്ത്രങ്ങൾ അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ രജിസ്ട്രാർ ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡിസംബര്‍ അഞ്ചിന് സമർപ്പിച്ച രജിസ്ട്രാർ ജനറലിൻ്റെ റിപ്പോർട്ടില്‍ വനിതാ അഭിഭാഷകരുടെ ഡ്രസ് കോഡ് കോടതി മുറിയിൽ മുഖാവരണം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബിസിഐ ചട്ടങ്ങളിലെ നാലാം അധ്യായത്തിലെ (ഭാഗം VI) സെക്ഷൻ 49 (1) (gg) പ്രകാരമുള്ള നിയമങ്ങൾ ഉദ്ധരിച്ചാണ് ജസ്റ്റിസ് മോക്ഷ ഖജൂരിയ കാസ്‌മി അഭിഭാഷകര്‍ക്ക് മുഖം മറയ്ക്കാൻ അനുവദിക്കുന്ന ഒരു വസ്ത്രവും നിര്‍ദേശിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.
അഭിഭാഷകര്‍ക്കുള്ള ഡ്രസ് കോഡില്‍ നിരവധി മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് രജിസ്ട്രാർ ജുഡീഷ്യൽ റിപ്പോർട്ടില്‍ പറയുന്നത്. മുകളിലെ വസ്ത്രങ്ങൾക്കായി സ്ത്രീകൾക്ക് വെളുത്ത കോളറുള്ള കറുത്ത നിറത്തിലുള്ള ഫുൾസ്ലീവ് ജാക്കറ്റോ ബ്ലൗസോ ധരിക്കാം. അത് കട്ടിയുള്ളതോ മൃദുവായതോ ആയിരിക്കാം. പകരമായി കോളർ ഉള്ളതോ അല്ലാത്തതോ ആയ വെള്ള ബ്ലൗസും വെളുത്ത ബാൻഡുകളും കോട്ടും ഉപയോഗിക്കാം.
കൂടാതെ വെള്ള, കറുപ്പ് നിറത്തിലുള്ള സാരികളും വനിതാ അഭിഭാഷകര്‍ക്ക് ഉപയോഗിക്കാം. അവയില്‍ മറ്റ് പ്രിന്‍റഡ് ഡിസൈനുകളൊന്നുമുണ്ടാകാൻ പാടില്ല. ഫ്ലേർഡ് ട്രൗസറുകൾ, ചുരിദാർ-കുർത്ത, സൽവാർ-കുർത്ത, അല്ലെങ്കിൽ വെള്ള, കറുപ്പ്, കറുപ്പ് വരയുള്ള അല്ലെങ്കിൽ ചാരനിറത്തിലുള്ള പഞ്ചാബി വസ്ത്രങ്ങൾ എന്നിവയാണ് മറ്റ് ഓപ്‌ഷനുകള്‍. വെള്ളയിലോ കറുപ്പിലോ ഉള്ള ദുപ്പട്ടയോ അല്ലാതെയോ ധരിക്കാം.
സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഹാജരാകുമ്പോൾ ഒഴികെ, അഭിഭാഷകൻ്റെ ഗൗൺ ധരിക്കുന്നത് ഐച്ഛികമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, വേനൽക്കാലത്ത് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഹാജരാകുന്നത് ഒഴികെ കറുത്ത കോട്ട് ധരിക്കുന്നത് നിർബന്ധമല്ല.
Also Read : 'ഒന്നരവര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലി കിട്ടിയത് 10 ലക്ഷം യുവാക്കള്‍ക്ക്': നരേന്ദ്ര മോദി