തിരുവനന്തപുരം: ഓരോ സീസണിലും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടാകാറില്ല. ശബരിമല തീര്‍ഥാടനത്തിന്‍റെ ഈ സീസണ്‍ അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ഇത്തവണയും തീര്‍ഥാടനത്തിനിടെ ഉണ്ടായ വാഹനാപകടങ്ങള്‍ നിരവധിയായിരുന്നു.
ശബരിമലയിലേക്കുള്ള 382 കിലോമീറ്റര്‍ റോഡിനെ സേഫ് സോണ്‍ പ്രോജക്റ്റാക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടപ്പാക്കിയ പദ്ധതിയെത്തുടര്‍ന്ന് മരണ നിരക്ക് കുറഞ്ഞെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പലേടത്തും അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനങ്ങല്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അന്യ സംസ്ഥാനത്തു നിന്നും സംസ്ഥാനത്തിനകത്തു നിന്നും തീര്‍ഥാടനത്തിനെത്തിയ പലര്‍ക്കും ഇത്തരം അപകടങ്ങളില്‍ ജീവന്‍ നഷ്‌ടമാവുകയെ കിടപ്പിലാവുകയോ ചെയ്തിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിന്‍റെ അപകട ഇന്‍ഷൂറന്‍സ്
തീര്‍ഥാടന യാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെടുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ നിലവില്‍ ശബരിമല ക്ഷേത്ര നടത്തിപ്പുകാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വ്യവസ്ഥയില്ല. എന്നാല്‍ ശബരിമല തീര്‍ഥാടനത്തിനിടെ അപകടത്തില്‍പ്പെടുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് സഹായധനം നല്‍കണമെന്ന ആവശ്യത്തിനാകട്ടെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല തീര്‍ഥാടകര്‍ക്കായി അപകട ഇന്‍ഷുറന്‍സ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.പദ്ധതി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രാബല്യത്തില്‍ വന്നു.
ഇന്‍ഷൂറന്‍സ് ആര്‍ക്കൊക്കെ
ശബരിമല തീര്‍ഥാടനത്തിനിടെ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ മരണമടയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരത്തിനുള്ള പദ്ധതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. തീര്‍ഥാടകരില്‍ നിന്ന് തുകയൊന്നും ഈടാക്കാതെ തികച്ചും സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെയോ സ്‌പോട്ട് ബുക്കിങിലൂടെയോ ശബരിമല തീര്‍ഥാടനത്തിനെത്തുന്നവരെല്ലാം ഈ അപകട ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍പ്പെടും. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
അതേ സമയം പദ്ധതിയുടെ ദൂരപരിധി കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടന്നുവവരികയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് ഇടിവി ഭാരതിനോടു പറഞ്ഞു. പദ്ധതി തികച്ചും പ്രയോജനകരമായി നടപ്പാക്കുന്നതിന് കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.
ശുചീകരണ തൊഴിലാളികള്‍ക്കും ഡോളി തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ്
ഇതിനു സമാന്തരമായി ശബരിമലയിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശുചീകരണ തൊഴിലാളികളായ 'വിശുദ്ധി' തൊഴിലാളികള്‍ക്കും പമ്പയില്‍ നിന്നു സന്നിധാനത്തേക്കും തിരികെയും അയപ്പഭക്തന്‍മാരെ ഡോളിയില്‍ ചുമന്നു കൊണ്ടു പോകുന്ന ഡോളി തൊഴിലാളികള്‍ക്കും മറ്റൊരു തൊഴിലിട അപകട ഇന്‍ഷുറന്‍സ് പദ്ധതി കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപ്പാക്കി. ഇന്ത്യ പോസ്റ്റല്‍ പേയ്‌മെന്‍റ് ബാങ്കുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.
ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ജോലി സ്ഥലത്തു വച്ചു നടക്കുന്ന അപക ടമരണത്തിനോ പൂര്‍ണമായ അംഗവൈകല്യത്തിനോ 10 ലക്ഷം രൂപ നഷ്‌ട പരിഹാരം ലഭിക്കും. ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപയും നഷ്‌ടപരിഹാരം ലഭിക്കും. ഈ പോളിസിക്ക് 499 രൂപ തൊഴിലാളികള്‍ പ്രീമിയം ഒടുക്കണം. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സും മക്കള്‍ക്കു വിദ്യാഭ്യാസ ആനുകൂല്യവും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്.
ജനുവരി 13 വരെ ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്കും മകര വിളക്കു ദിനമായ ജനുവരി 14നു 1000 പേര്‍ക്കും മാത്രമാകും സ്‌പോട്ട് ബുക്കിങ് ലഭിക്കുക. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ എന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.