ഹൈദരാബാദ് :പലര്‍ക്കും ചിക്കന്‍ വിഭവങ്ങള്‍ സ്വാദിഷ്‌ടമായി പാകം ചെയ്യാന്‍ അറിയാം. വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കുന്നത് പിന്‍തുടരുന്നവരാണ് ഏറെയും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ മൈക്രോബയോളജി പ്രൊഫസര്‍ എന്‍സോ പലൊമ്പൊ.
ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് കഴുകാന്‍ പാടില്ലെന്നാണ് എന്‍സോ പലൊമ്പൊ പറയുന്നത്. കേട്ടാല്‍ നെറ്റി ചുളിഞ്ഞേക്കാം. കഴുകാതെ പാകം ചെയ്യാമോയെന്ന ചോദ്യവും ഉയരാം. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കുന്നുണ്ട് അദ്ദേഹം.
ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് കഴുകി വൃത്തിയാക്കുന്നവരാണ് നമ്മള്‍. ഇങ്ങനെ കഴുകിയാല്‍ യഥാര്‍ഥത്തില്‍ ചിക്കന്‍ വൃത്തിയാകില്ലെന്നാണ് മോക്രോബയോളജി വിദഗ്‌ധന്‍ പറയുന്നത്. അത് ആരോഗ്യകരമല്ലെന്നും അദ്ദേഹം പറയുന്നു. ദി കോണ്‍വര്‍സേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരം.
'വേവിക്കുന്നതിന് മുന്നേ ചിക്കന്‍ കഴുകല്ലേ' :കോഴിയിറച്ചിയില്‍ ദോഷകരമായ പല സൂക്ഷ്‌മാണുക്കളും അടങ്ങിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഇവയെ കഴുകി അങ്ങ് ഇല്ലാതാക്കാമെന്ന് കരുതിയാല്‍ അതല്‍പം അത്യാഗ്രഹമാകും. ഇറച്ചി കഴുകുന്നതിലൂടെ ഇത്തരം സൂക്ഷ്‌മാണുക്കളെ നീക്കം ചെയ്യാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത് (purpose of cooking Chicken without washing).
കോഴിയിറച്ചിയില്‍ സാധാരണയായി അടങ്ങിയിരിക്കുന്ന ബാക്‌ടീരിയകളാണ് സാല്‍മൊണെല്ലയും കാംപിലോബാക്‌ടറും. ഇവ അണുബാധ, പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് കൂടുതല്‍ ബാധിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലും അസുഖം വരാനിടയുണ്ട്.