ന്യൂഡൽഹി: എയർ കണ്ടീഷനറുകളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വിവിധ ചർമ്മ രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡോക്‌ടർമാർ. ദീർഘനേരമുള്ള ഉപയോഗം ചർമ്മം വരണ്ടതാക്കാനും തലവേദന, വരണ്ട ചുമ, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ദുർഗന്ധങ്ങളോടുള്ള സംവേദനക്ഷമത തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മണിപ്പാൽ ഹോസ്‌പിറ്റലിലെ പൾമണോളജിസ്റ്റ് കൺസൾട്ടന്‍റ് സുഹാസ് എച്ച് എസ് പറഞ്ഞു.
അലർജിക് റിനിറ്റിസ്, ആസ്‌ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടാനും ഇതുമൂലം കാരണമാകുന്നു. എസി വേണ്ടത്ര പരിപാലിക്കുന്നില്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്‌ടർ പറഞ്ഞു. ദീർഘനേരം തണുപ്പുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദേശിച്ചു.
'എയർ കണ്ടീഷനിങ്ങുമായി ബന്ധപ്പെട്ട മെഡിക്കൽ പ്രശ്‌നം അവയ്ക്ക് ശരിയായ ഫിൽട്ടറേഷൻ ഇല്ല എന്നതാണ്, അനുയോജ്യമായ HEPA ഫിൽട്ടറുകൾ വളരെ കുറച്ച് ബ്രാൻഡഡ് കമ്പനി എയർ കണ്ടീഷണറുകളിലാണുള്ളത്. ഇതിന്‍റെ അഭാവം മൂലം അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു' സർ ഗംഗാ റാം ഹോസ്‌പിറ്റലിലെ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്‍റ് എം വാലി പറഞ്ഞു.